ഹൈന്ദവ വിശ്വാസപ്രകാരം ഭഗവാൻ ശിവന്റെ പുണ്യപ്രതീകമായി കാണുന്ന രുദ്രാക്ഷം ഇപ്പോൾ കമ്മ്യൂണിസ്റ്റ് ചൈനയിൽ വൻ തരംഗമാകുന്നു. ആത്മീയവും മതപരവുമായ ആവശ്യങ്ങൾക്കായി മുൻപ് ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകർ മാത്രം വാങ്ങിയിരുന്ന രുദ്രാക്ഷം, ഇന്ന് ചൈനക്കാർക്കിടയിൽ ഒരു ലക്ഷ്വറി ഫാഷൻ ഓർണമെന്റായി (ആഭരണമായി) മാറിയിരിക്കുകയാണ്. ചൈനയിൽ നിന്നുള്ള ഈ അപ്രതീക്ഷിത ഡിമാൻഡ് കിഴക്കൻ നേപ്പാളിലെ മലയോര മേഖലകളിലെ കർഷകരുടെ ജീവിതം തന്നെ മാറ്റിമറിച്ചു കഴിഞ്ഞു. നേപ്പാളിലെ ഭോജ്പൂർ ജില്ലയിലെ സദാനന്ദ മുനിസിപ്പാലിറ്റി ഇന്ന് നേപ്പാളിന്റെ ‘രുദ്രാക്ഷ തലസ്ഥാനം’ എന്നാണ് അറിയപ്പെടുന്നത്. ഒരു ലക്ഷത്തിലധികം രുദ്രാക്ഷ മരങ്ങളുള്ള ഈ മുനിസിപ്പാലിറ്റിയിൽ നിന്ന് മാത്രം വർഷത്തിൽ ഏകദേശം 100 കോടിയോളം രൂപയുടെ (1 Billion NRS) രുദ്രാക്ഷമാണ് ചൈനയിലേക്ക് മാത്രം കയറ്റി അയക്കുന്നത്.
കിഴക്കൻ നേപ്പാളിലെ ഭോജ്പൂർ ജില്ലയിലെ സദാനന്ദ മുനിസിപ്പാലിറ്റി ഇന്ന് നേപ്പാളിന്റെ ‘രുദ്രാക്ഷ തലസ്ഥാനം’ എന്നാണ് അറിയപ്പെടുന്നത്. ഒരു ലക്ഷത്തിലധികം രുദ്രാക്ഷ മരങ്ങളുള്ള ഈ പ്രദേശത്തുനിന്നും ഭാരതത്തിലേക്ക് വന്നിരുന്ന പ്രകൃതിദത്തമായ രുദ്രാക്ഷങ്ങളുടെ ഒഴുക്ക് ഇപ്പോൾ ചൈനയിലേക്ക് തിരിച്ചുവിട്ടിരിക്കുകയാണ്. മുൻപ് സാധാരണ അഞ്ചുമുഖ രുദ്രാക്ഷങ്ങൾക്ക് ഒരു കിലോഗ്രാമിന് വെറും 30 രൂപ മാത്രം വിലയുണ്ടായിരുന്ന സ്ഥാനത്ത്, ഇന്ന് ചൈനക്കാരുടെ കടന്നുകയറ്റത്തോടെ ഒരൊറ്റ രുദ്രാക്ഷ വിത്തിന് തന്നെ 2000 രൂപയ്ക്ക് മുകളിലാണ് വില ലഭിക്കുന്നത്. അതീവ അപൂർവ്വമായ ബഹുമുഖ (മൾട്ടി ഫേസ്) രുദ്രാക്ഷങ്ങൾക്കാകട്ടെ ചൈനീസ് വിപണിയിൽ ലക്ഷക്കണക്കിന് രൂപയാണ് വിലയിട്ടിരിക്കുന്നത്. ചൈനയിൽ നിന്നുള്ള ഈ പണമൊഴുക്ക് ലക്ഷ്യമിട്ട് നേപ്പാളിലെ കർഷകർ അവരുടെ പരമ്പരാഗത ഭക്ഷ്യവിള കൃഷികൾ വരെ ഉപേക്ഷിച്ച് പൂർണ്ണമായും രുദ്രാക്ഷ കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. പ്രതിവർഷം 100 കോടിയിലധികം രൂപയുടെ (1 Billion NRS) രുദ്രാക്ഷമാണ് ഈ ഒരു പ്രദേശത്ത് നിന്ന് മാത്രം ചൈനീസ് വിപണിയിലേക്ക് നേരിട്ട് കയറ്റി അയക്കുന്നത്.
എന്നാൽ, ഭാരതീയ ഭക്തർ രുദ്രാക്ഷത്തിന്റെ ആത്മീയ മൂല്യവും പ്രകൃതിദത്തമായ വിശുദ്ധിയും നോക്കി വാങ്ങുമ്പോൾ, ചൈനക്കാർക്ക് അത് കേവലം ഒരു പ്രദർശന വസ്തുവും ഫാഷൻ ആഭരണവും മാത്രമാണ്. ചൈനക്കാരുടെ ഈ ബാഹ്യസൗന്ദര്യ ഭ്രമം രുദ്രാക്ഷത്തിന്റെ സ്വാഭാവികമായ ചൈതന്യത്തെയും മരങ്ങളുടെ നിലനിൽപ്പിനെയും വൻതോതിൽ ദോഷകരമായി ബാധിക്കുന്നുണ്ട്. പ്രകൃതിദത്തമായ രുദ്രാക്ഷങ്ങൾക്ക് ചൈനീസ് വിപണിയിൽ വലിയ താല്പര്യമില്ലാത്തതിനാൽ, കർഷകർ പ്ലാന്റ് ഗ്രോത്ത് റെഗുലേറ്ററുകൾ (PGR) എന്ന മാരകമായ കെമിക്കൽ ഹോർമോണുകൾ വൻതോതിൽ മരങ്ങളിൽ പ്രയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. രുദ്രാക്ഷം മൊട്ടിടുന്ന ഘട്ടത്തിൽ തന്നെ ഇത്തരം രാസവസ്തുക്കൾ നാല് തവണയോളം കുത്തിവെച്ച്, അതിന്റെ സ്വാഭാവികമായ കൂർത്ത രൂപം മാറ്റി കൂടുതൽ വലിപ്പമുള്ളതും കൃത്രിമമായി ഭംഗിയുള്ളതുമാക്കി മാറ്റുകയാണ് ചെയ്യുന്നത്. നേപ്പാൾ സർക്കാർ ഔദ്യോഗികമായി അനുമതി നൽകാത്ത ഇത്തരം ഹോർമോൺ മരുന്നുകൾ കരിഞ്ചന്തയിലൂടെയാണ് കർഷകരിലേക്ക് എത്തുന്നത്. ഈ രാസപ്രയോഗം കാരണം രുദ്രാക്ഷ മരങ്ങൾ വൻതോതിൽ ഉണങ്ങിപ്പോകുന്നതായും ഭാവിയിൽ ഇവയുടെ ഉത്പാദന ശേഷി പൂർണ്ണമായി തകരുമെന്നും കൃഷി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കമ്മ്യൂണിസ്റ്റ് ചൈനയുടെ വിപണി താല്പര്യങ്ങൾക്കായി ഹിന്ദുക്കളുടെ പുണ്യപ്രതീകമായ രുദ്രാക്ഷത്തെ ഇത്തരത്തിൽ വൻതോതിൽ കൃത്രിമമായി മാറ്റം വരുത്തുന്നതിനെതിരെ ആത്മീയ കേന്ദ്രങ്ങളിലും സോഷ്യൽ മീഡിയയിലും ഇപ്പോൾ വൻ പ്രതിഷേധവും ചർച്ചകളും ഉയരുന്നുണ്ട്.












