ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിന് ഇന്ന് തുടക്കം. തമിഴ്‌നാട് മൊത്തത്തിലും മറ്റ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധ മണ്ഡലങ്ങളുമാണ് ഇന്ന് വിധിയെഴുതുന്നത്. രാവിലെ ഏഴിന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകീട്ട് അഞ്ചിന് അവസാനിക്കും.
21 സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്. ഇതിൽ തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പാണ് ഏവരും ഉറ്റുനോക്കുന്നത്. ആദ്യഘട്ടത്തിൽ മുഴുവൻ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്ന ഏക സംസ്ഥാനം ആണ് തമിഴ്‌നാട്. 39 ലോക്‌സഭാ സീറ്റുകൾ ആണ് തമിഴ്‌നാട്ടിൽ ഉള്ളത്.
ഉത്തരാഖണ്ഡിലെ അഞ്ച് ലോക്‌സഭാ മണ്ഡലങ്ങൾ ഇന്ന് ജനവിധി തേടും. അരുണാചൽ പ്രദേശിലെയും മേഘാലയയിലെയും രണ്ട് വീതം മണ്ഡലങ്ങൾ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുന്നു. ആൻഡമാൻ നിക്കോബാർ, മിസോറം, നാഗാലാൻഡ്, സിക്കിം, പുതുച്ചേരി എന്നിവിടങ്ങളിലെ ഓരോ ലോക്‌സഭാ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. ലക്ഷദ്വീപിലെ ഒരു മണ്ഡലത്തിലും ഇന്ന് തിരഞ്ഞെടുപ്പ് നടക്കും.
ഇവയ്‌ക്കെല്ലാം പുറമേ രാജസ്ഥാനിലെ 12 സീറ്റുകളിലും ഉത്തർപ്രദശിലെ എട്ട് സീറ്റുകളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. മദ്ധ്യപ്രദേശിലെ ആറ് ലോക്‌സഭാ മണ്ഡലങ്ങളും, അസം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ അഞ്ച് വീതം മണ്ഡലങ്ങളും ഇന്ന് ജനവിധി തേടും. ബിഹാറിലെ നാല് മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് ആണ്. പശ്ചിമ ബംഗാളിലെ മൂന്ന് സീറ്റുകളിൽ ഇന്ന് തിരഞ്ഞെടുപ്പ് നടക്കും. മണിപ്പൂരിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങൾ ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ത്രിപുര, ജമ്മു കശ്മീർ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ഓരോ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് ആണ്.
Discussion about this post