ന്യൂഡൽഹി : തൊണ്ടി മുതൽ കേസിൽ മുൻ ഗതാഗത മന്ത്രി ആന്റണി രാജുവിനെ വിമർശിച്ച് സുപ്രീംകോടതി. കേസിലെ വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജുവോണോ എന്ന് കോടതി ചോദിച്ചു. കേസിലെ കാര്യങ്ങളിൽ കൃത്യമായ ബോധ്യമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിൽ ആന്റണി രാജുവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വസ്തുതപരമായ പിഴവുണ്ടെന്നും തെറ്റായ കാര്യങ്ങളാണ് പറയുന്നതെന്നും ആന്റണി രാജുവിന്റെ അഭിഭാഷകൻ വാദിച്ചപ്പോളാണ് കോടതിയുടെ നീരീക്ഷണം . ജഡ്ജിമാരായ സുധാൻഷു ധൂലിയ, രാജേഷ് ബിന്ദാൽ എന്നിവരടങ്ങിയ ബെഞ്ചാണ് വിമർശിച്ചത്.
നേരത്തെ സംസ്ഥാന സർക്കാർ ആന്റണി രാജുവിന് അനൂകുല നിലപാട് ആയിരുന്നു സ്വീകരിച്ചിരുന്നത്. ഇപ്പോൾ നിലപാട് മാറിയതാണോ പ്രശ്‌നമെന്നും കോടതി ചോദിച്ചു. കേസ് അടുത്തമാസം ഏഴിലേക്ക് മാറ്റുകയും ചെയ്തു. വിശദമായ വാദത്തിന് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് എല്ലാ കക്ഷികളും ആവശ്യപ്പെട്ടതിന് തുടർന്നാണ് മാറ്റിയത് എന്നും കോടതി വ്യക്തമാക്കി.
അടിവസ്ത്രത്തിൽ ഹാഷിഷ് ഒളിപ്പിച്ച് കടത്തിയ വിദേശി 1990 ലാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലാകുന്നത്. പ്രതിക്കെതിരായ പ്രധാന തെളിവായ അടിവസ്ത്രം അന്നത്തെ തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകനായിരുന്ന ആന്റണി രാജു മജിസ്ട്രറ്റ് കോടതിയിൽ മാറ്റി നൽകി തെളിവ് നശിപ്പിച്ചെന്നാണ് കേസ്. ഈ കേസിൽ രണ്ടാം പ്രതിയായ ആൻറണി രാജു കുറ്റം ചെയ്തിട്ടുണ്ടെന്നാണ് സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. കൂടാതെ കേസിൽ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ആൻറണി രാജു സമർപ്പിച്ച് ഹർജി തള്ളണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിടുണ്ട്.
Discussion about this post