തിരുവനന്തപുരം : രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. മതനിരപേക്ഷത എന്താണെന്ന് കോൺഗ്രസ് രാഹുൽ ഗാന്ധിയെ പറഞ്ഞു മനസ്സിലാക്കണമെന്ന് മുഹമ്മദ് റിയാസ് സൂചിപ്പിച്ചു. രാഹുൽ ഗാന്ധിയെ വിമർശിക്കേണ്ടി വരുന്നത് അദ്ദേഹത്തിന് നിലപാടുകൾ ഇല്ലാത്തതുകൊണ്ടാണെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ എന്തിനാണ് എന്നെ വിമർശിക്കുന്നത് എന്നാണ് രാഹുൽ ഗാന്ധി ചോദിച്ചത്. അതുതന്നെയാണ് രാഹുലിന്റെ പ്രശ്നവും. മുഖ്യമന്ത്രി അടക്കമുള്ള കേരളത്തിലെ മതനിരപേക്ഷ മനസുകൾ എന്തിന് രാഹുൽ ഗാന്ധിയെ വിമർശിക്കുന്നു എന്ന് അദ്ദേഹത്തിന് മനസ്സിലാകുന്നില്ല. കൃത്യമായ നിലപാടുകൾ സ്വീകരിക്കാത്തതു കൊണ്ടാണ് രാഹുൽ ഗാന്ധിയെ വിമർശിക്കേണ്ടി വരുന്നത് എന്നും മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.
ബിജെപിക്കെതിരെ ശക്തമായി പോരാടുമെന്ന പ്രതീക്ഷയിലാണ് വയനാട്ടിലെ ജനങ്ങൾ കഴിഞ്ഞതവണ രാഹുൽ ഗാന്ധിയെ തിരഞ്ഞെടുത്തത്. എന്നാൽ ബിജെപിക്കെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കാൻ രാഹുൽഗാന്ധിക്ക് കഴിഞ്ഞില്ല. പൗരത്വ ഭേദഗതി നിയമത്തിൽ പോലും ഇത്തരം നിലപാടുകളാണ് അവർ സ്വീകരിച്ചത്. അങ്ങനെ പ്രതികരിക്കാത്തടത്തോളം രാഹുൽ ഗാന്ധിയെ വിമർശിക്കുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
Discussion about this post