ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെയുണ്ടായ സ്‌ഫോടനത്തിൽ പരിക്കേറ്റ കേന്ദ്രസേന ഉദ്യോഗസ്ഥന് വീരമൃത്യു. ഛത്തിസ്ഗഡിലെ ബിജാപൂരിൽ ആണ് സംഭവം. സിആർപിഎഫ് അസിസ്റ്റന്റ് കമാൻഡന്റിനാണ് ഐഇഡി സ്‌ഫോടനത്തിൽ ഗുരുതര പരിക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉസൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗൽഗാം ഗ്രാമത്തിന് സമീപത്തുള്ള ഒരു പോളിംഗ് ബൂത്തിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെയാണ് സംഭവമുണ്ടായത്. പരിക്കേറ്റയാൾക്ക് പ്രാഥമിക വൈദ്യചികിത്സ നൽകിയെന്നും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. കമ്യൂണിസ്റ്റ് ഭീകര ബാധിത പ്രദേശമായ ബസ്തർ ലോക്സഭാ മണ്ഡലത്തിലാണ് ബിജാപൂർ ജില്ല സ്ഥിതിചെയ്യുന്നത്. ഇവിടെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പാണ് നടന്നത്.
അതേസമയം ലോക്്‌സഭ തിരഞ്ഞെടുപ്പിൻറെ ആദ്യഘട്ടത്തിൽ പോളിംഗ് 60 ശതമാനം കടന്നു. ആകെ 102 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 1656 സ്ഥാനാർത്ഥികളായിരുന്നു മത്സര രംഗത്ത്. ഒന്നാം ഘട്ടത്തിൽ നഗര കേന്ദ്രീകൃത മണ്ഡലങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വോട്ടർമാരുടെ നല്ല പ്രതികരണം കണ്ടു. ഉത്തർപ്രദേശ്, രാജസ്ഥാൻ, അരുണാചൽ പ്രദേശ്, മണിപ്പൂരടക്കമുള്ള മണ്ഡലങ്ങളിൽ ഉച്ചയോടെ തന്നെ പോളിംഗ് ശതമാനം 50 കടന്നിരുന്നു.
Discussion about this post