ന്യൂഡൽഹി : ഇന്ത്യയിലേക്കുള്ള സന്ദർശനം മാറ്റി വച്ച് അമേരിക്കൻ ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്ലയുടെ സിഇഒ ഇലോൺ മസ്‌ക്. ടെസ്‌ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണമാണ് സന്ദർശനം മാറ്റുന്നത് എന്നാണ് വിവരം. തിങ്കളാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. ടെസ്ലയുടെ വൈദ്യുത കാർ നിക്ഷേപത്തിന്റെ പ്രഖ്യാപനം നടത്താനുമായിരുന്നു സന്ദർശനം കൊണ്ട് ലക്ഷ്യമിട്ടിരുന്നത്.
നിർഭാഗ്യവശാൽ, ടെസ്‌ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകും. എന്നാൽ ഈ വർഷം തന്നെ ഇന്ത്യ സന്ദർശിക്കാൻ താൻ എത്തും എന്ന് ഇലോൺ മസ്‌ക് എക്‌സിൽ കുറിച്ചു.
300 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതിവേഗ ഇന്റർനെറ്റ് കണക്ഷൻ നൽകുന്ന സാറ്റലൈറ്റ് ശൃംഖലയായ സ്റ്റാർലിങ്ക് അവതരിപ്പിക്കാനുള്ള പദ്ധതിയും, ഇന്ത്യയിൽ വാഹനനിർമ്മാണ പ്ലാന്റ് സ്ഥാപിച്ച് ഏഷ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്താനുമാണ് ടെസ്ല പദ്ധതിയിട്ടിരുന്നത് എന്നാണ് മാണ് സൂചന.
പ്രധാനമന്ത്രി മോദിയെ കാണാൻ കാത്തിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഇലോൺ മസ്‌ക് എക്‌സിൽ കുറിച്ചിരുന്നു. മസ്‌കിന്റെ വരവ് റദ്ദാക്കിയത് ഇന്ത്യൻ ബിസിനസ് ലോകത്തിന് നിരാശയായി മാറി. പുതുക്കിയ തീയതി അതിവേഗം അറിയിക്കുമെന്നാണ് വിവരം.








