ഇടുക്കി : വെള്ളിയാഴ്ച ഇടുക്കിയിലെ നെടുംകണ്ടത്ത് വീടിന്റെ ജപ്തി നടപടിക്കിടയിൽ ആത്മഹത്യക്ക് ശ്രമിച്ചിരുന്ന വീട്ടമ്മ മരിച്ചു. നെടുംകണ്ടം ആശാരികണ്ടം സ്വദേശിനി ഷീബ ദിലീപ് ആണ് മരിച്ചത്. ബാങ്കിന്റെ ജപ്തി നടപടികൾക്കിടയിൽ വീട്ടമ്മ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ രണ്ട് പോലീസുകാർക്കും പരിക്കേറ്റിരുന്നു. ഗ്രേഡ് എസ്ഐ ആയ ബിനോയ്, വനിതാ സിവിൽ ഓഫീസർ അമ്പിളി എന്നിവർക്കാണ് പൊള്ളലേറ്റത്. ഷീബയെ ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകിട്ട് മരണം സംഭവിക്കുകയായിരുന്നു.
ഇടുക്കി സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും സ്ഥലം പണയപ്പെടുത്തി ഷീബ 20 ലക്ഷം രൂപ ലോണെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ഇത് പലിശയും കൂട്ടുപലിശയുമായി 36 ലക്ഷം രൂപയായി. തുടർന്ന് ബാങ്ക് ജപ്തി നടപടികളിലേക്ക് കടക്കുകയായിരുന്നു. തൊടുപുഴ സി ജെ എം കോടതിയുടെ ഉത്തരവുമായി ജപ്തി നടപടികൾക്ക് നിയോഗിച്ച കമ്മീഷൻ എത്തിയപ്പോഴാണ് ഷീബ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
Discussion about this post