തിരുവനന്തപുരം: നുണ പറഞ്ഞ് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ അതിന്റെ പ്രത്യാഘാതം ശശി തരൂർ നേരിടേണ്ടി വരും എന്ന് തുറന്ന് പറഞ്ഞ് തിരുവനന്തപുരം എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. കള്ളം പറഞ്ഞ് അധിക്ഷേപിച്ചതിനു ശേഷം രക്ഷപ്പെടാം എന്ന് ആരും വിചാരിക്കണ്ട ആദ്യം ആരോപണം ഉന്നയിക്കും, പിന്നെ അത് മാറ്റിപ്പറയുമെന്ന സ്ഥിതിയാണ് നമ്മുടെ നാട്ടിൽ ഉള്ളത് . നുണയുടെ രാഷ്ട്രീയം നിയമം അനുവദിക്കുന്നില്ലെന്നും നുണ പറഞ്ഞ് വ്യക്തിഹത്യ നടത്താൻ ശ്രമിച്ചാൽ നിയമപരമായി നേരിടുമെന്നും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.
അതെ സമയം തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ കേരളാ പൊലീസ് കേസ് എടുത്തതിനെ കുറിച്ച് അറിയില്ലെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി . ഇലക്ഷൻ കമ്മീഷന് പരാതി നൽകിയതിന് പുറമേ താൻ ഡൽഹി കോടതിയിൽ ഒരു ക്രിമിനൽ കേസ് നൽകിയിരുന്നു. അതിന്റെ നടപടികൾ തുടങ്ങിയിട്ടുമുണ്ട്. അത് കൊണ്ടായിരിക്കാം കേരളത്തിലും കേസെടുത്തത്. അല്ലെങ്കിൽ ഇങ്ങനെയൊരു പരാതി കിട്ടിയിട്ടും പോലീസ് നിഷ്‌ക്രിയത്വം പാലിച്ചു എന്ന് വരും. ചന്ദ്രശേഖർ പറഞ്ഞു
സൈബർ പൊലീസാണ് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ കേസെടുത്തത്. കള്ളം പറഞ്ഞതിനും വസ്തുതാ വിരുദ്ധമായ പ്രചാരണം നടത്തിയതിനും തെരഞ്ഞെടുപ്പ് കമ്മീഷൻ ശശി തരൂരിന് ശക്തമായ താക്കീത് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ശശി തരൂരിനെതിരെ കേസെടുത്തത്. പ്രചാരണത്തിനിടെ ഒരു പ്രാദേശിക ചാനലിന് ശശി തരൂർ നൽകിയ അഭിമുഖമാണ് കേസിനു ആധാരം . തീരദേശമേഖലയിൽ രാജീവ് ചന്ദ്രശേഖർ വോട്ടിന് പണം നൽകുന്നുവെന്നായിരുന്നു തരൂരിന്റെ ആക്ഷേപം. ഇതിനെതിരെ രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിരുന്നു. ഈ പരാതി പിന്നീട് കമ്മീഷൻ ഡിജിപിക്ക് കൈമാറുകയായിരുന്നു.
Discussion about this post