ലാ ലിഗയിലെ എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിന് ത്രസിപ്പിക്കുന്ന ജയം. സാന്റിയാഗോ ബെർണബുവിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ബാഴ്സയെ വീഴ്ത്തിയത്. സ്‌കോർ 2-2 എന്ന നിലയിൽ നിൽക്കെ ഇഞ്ചുറി ടൈമിൽ ജൂഡ് ബെല്ലിംഗ്ഹാം നേടിയ ലേറ്റ് ഗോളാണ് റയൽ മാഡ്രിഡിന് ആവേശകരമായ വിജയം സമ്മാനിച്ചത്.
ആദ്യ പകുതിയിൽ റയലും ബാഴ്സയും ഓരോ ഗോളുകൾ നേടി. ആറാം മിനിറ്റിൽ ആൻഡ്രിയാസ് ക്രിസ്റ്റൻസൻ കറ്റാലൻ ക്ലബ്ബിനെ മുന്നിൽ എത്തിച്ചു. എന്നാൽ, പതിനെട്ടാം മിനിറ്റിൽ പെനാൽറ്റിയിലൂടെ വിനീഷ്യസ് റയലിനായി ഗോൾ മടക്കി. സെക്കന്റ് ഹാഫിലും ആദ്യം ലീഡ് നേടിയത് ബാഴ്സയായിരുന്നു. 69 ആം മിനിറ്റിൽ ഫെർമിൻ ലോപ്പസ് സ്‌കോർ ചെയ്തു.
എന്നാൽ, സ്വന്തം കാണികൾക്ക് മുന്നിൽ വിട്ടുകൊടുക്കാൻ ആൻസലോട്ടിയുടെ ടീം തയ്യാറായിരുന്നില്ല. നാല് മിനിറ്റിനകം ലൂക്കാസ് വാസ്ക്വസ് റയൽ മാഡ്രിഡിനെ ഒപ്പമെത്തിച്ചു. സ്‌കോർ 2-2 ആയി. നിശ്ചിത സമയം കഴിഞ്ഞ് ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിലായിരുന്നു ബാഴ്സയുടെ ഹൃദയം തകർത്ത ബെല്ലിംഗ്ഹാമിന്റെ ഗോൾ വന്നത്.
ലൂക്കാസ് വാസ്ക്വസിന്റെ ബാക്ക് ഹീൽ പാസിൽ നിന്നായിരുന്നു ബെല്ലിംഗ്ഹാമിന്റെ ക്ലിനിക്കൽ സ്ട്രൈക്ക്. 32 മത്സങ്ങളിൽ നിന്ന് 81 പോയിന്റുമായി റയൽ മാഡ്രിഡ് ലാ ലിഗ ടേബിളിൽ ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനക്കാരായ ബാഴ്സലോണയ്ക്ക് 70 പോയിന്റ് മാത്രമാണ് നിലവിലുള്ളത്. കാർലോ ആൻസലോട്ടിയുടെ ടീം കിരീട വിജയത്തിനരികലാണ്.
ഈ വർഷം ആദ്യം നടന്ന സ്പാനിഷ് സൂപ്പർ കപ്പിന്റെ ഫൈനലിൽ ബാഴ്സലോണയെ 4-1ന് തകർത്ത് റയൽ മാഡ്രിഡ് ചാമ്പ്യൻമാരായിരുന്നു. ഒക്ടോബറിൽ അരങ്ങേറിയ ഈ സീസണിലെ ആദ്യ ലാ ലിഗ പോരിലും റയൽ മാഡ്രിഡിനൊപ്പമായിരുന്നു വിജയം. അന്ന് ബാഴ്സയെ അവരുടെ മടയിൽ 2-1ന് ലോസ് ബ്ലാങ്കോസ് കീഴടക്കിയിരുന്നു.
Discussion about this post