ലണ്ടൻ : റെസ്റ്റോറന്റിൽ ക്ഷണം കഴിച്ച ശേഷം പണമടയ്ക്കാതെ മുങ്ങിയ കുടുംബത്തിനനെതിരെ പരാതി. എട്ട് പേർക്കെതിരെയാണ് റെസ്റ്റോറന്റ് ഉടമ പരാതി നൽകിയിരിക്കുന്നത്. യുകെയിലാണ് സംഭവം. 34,000 രൂപയ്ക്കാണ് (329 പൗണ്ട്) എട്ടുപേർ ചേർന്ന് ഭക്ഷണം കഴിച്ചത് . ബില്ലടയ്ക്കാതെ ഇവർ മുങ്ങിയ കാര്യം റസ്റ്റോറന്റ ഉടമ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. ഭക്ഷണം കഴിച്ച ശേഷം സംഘത്തിലുണ്ടായിരുന്ന യുവതി കാർഡ് ഉപയോഗിച്ച് ബില്ലടയ്ക്കാൻ ശ്രമിച്ചു. എന്നാൽ രണ്ട് തവണ ശ്രമിച്ചെങ്കിലും പണം അടയ്ക്കാൻ സാധിച്ചില്ല. തുടർന്ന് മറ്റൊരു കാർഡ് എടുത്തിട്ട് വരാം എന്ന് പറഞ്ഞ് യുവതി റെസ്റ്റോറന്റിൽ നിന്ന് ഇറങ്ങുകയായിരുന്നു. അൽപ്പസമയത്തിന് ശേഷം മകന് ഒരു ഫോൺ കോൾ വന്നു. ഇതോടെ അയാളും പുറത്തിറങ്ങി മുങ്ങുകയായിരുന്നു. പണം തരാതെ മുങ്ങിയതാണെന്ന് മനസിലായതോടെ ഇവർ റെസ്റ്റോറന്റിൽ വന്നപ്പോൾ നൽകിയ ഫോൺ നമ്പറിലേക്ക് വിളിച്ചുനോക്കിയെങ്കിലും കിട്ടിയില്ല. ഇതേ തുടർന്നാണ് ഉടമ പോലീസിൽ പരാതി നൽകിയത്.
ആരോടും ഇങ്ങനെ ചെയ്യരുത്. പുതിയ റെസ്റ്റോറന്റിൽ വന്ന് ഇങ്ങനെ ചെയ്യുന്നത് വളരെ മോശമാണ് എന്ന് ഉടമ സോഷ്യൽ മീഡിയയിൽ കുറിച്ചു. എല്ലാ റെസ്റ്റോറന്റുകളിലെയും രീതികൾ മാറണം, ആദ്യം പണമടച്ച ശേഷം മാത്രം ഭക്ഷണം വിളമ്പുക’ എന്നിങ്ങനെയുള്ള നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ ആളുകൾ കുറിച്ചത്.
Discussion about this post