ഹൈദരാബാദ്: തെലങ്കാനയിൽ ശക്തമായ കാറ്റിനെ തുടർന്ന് നിർമ്മാണത്തിലിരുന്ന പാലം തകർന്നു. പെദ്ദപ്പള്ളി ജില്ലയിൽ മനേർ നദിയ്ക്ക് കുറുകെ നിർമ്മാണം പുരോഗമിക്കുന്ന പാലമാണ് തകർന്നത്. സംഭവത്തിൽ ആളപായം ഇല്ലെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ശക്തമായ കാറ്റും മഴയുമായിരുന്നു പ്രദേശത്ത് അനുഭവപ്പെട്ടിരുന്നത്. ഇതിനിടെ കാറ്റിൽ പാലത്തിന്റെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു. രാവിലെയാണ് നിർമ്മാണ തൊഴിലാളികൾ സംഭവം അറിയുന്നത്. ഉടനെ അധികൃതരെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ എട്ട് വർഷമായി പാലത്തിന്റെ പണികൾ നടന്നുകൊണ്ടിരിക്കുകയാണ്.
പെദ്ദപ്പളളി- ഭൂപാലപ്പള്ളി ജില്ലകളെ ബന്ധിപ്പിച്ചാണ് പാലം. 2016ലായിരുന്നു പാലത്തിന് തറക്കല്ലിട്ട് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 49 കോടി രൂപ ചിലവിട്ടാണ് ഒരു കിലോമീറ്റർ നീളമുള്ള പാലത്തിന്റെ നിർമ്മാണം. പദ്ധതിയിലെ അപാകതയെ തുടർന്നാണ് പാലം നിർമ്മാണം വൈകുന്നത്. കരാറുകൾക്ക് കൃത്യമായി പണം നൽകാത്തതും പാലത്തിന്റെ നിർമ്മാണം വൈകാൻ കാരണം ആയിട്ടുണ്ട്.
Discussion about this post