ജയ്പൂർ: കേന്ദ്ര മന്ത്രിമാരുടെ ഫോൺ സംഭാഷണത്തിന്റെ ശബ്ദ ശകലങ്ങൾ സമൂഹമാദ്ധ്യമം വഴി പ്രചരിപ്പിക്കാൻ കോൺഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട് നിർബന്ധിച്ചെന്ന ആരോപണവുമായി മുൻ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസർ ലോകേഷ് ശർമ്മ. ഇതിനായി ഗെഹ്ലോട്ട് ശബ്ദശകലങ്ങൾ തനിക്ക് നൽകിയെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലായിരുന്നു നിർണായക വെളിപ്പെടുത്തൽ.
ഫോൺ ചോർത്തൽ കേസിൽ ഡൽഹി ക്രൈംബ്രാഞ്ച് 9 മണിക്കൂറോളം നേരം ശക്തമായി ചോദ്യം ചെയ്തിട്ടും താൻ നിശബ്ദൻ ആയിരുന്നു. എന്നാൽ യഥാർത്ഥ പ്രതികൾ തന്നെ മാത്രം പ്രശ്‌നങ്ങളിലേക്ക് തള്ളിവിട്ട് സുരക്ഷിതരായി ഇരിക്കുന്നു. അതുകൊണ്ട് താൻ സംസാരിച്ചേ തീരൂ. നേരത്തെ കേന്ദ്രമന്ത്രിമാരുടെ ശബ്ദശകലങ്ങൾ തനിക്ക് ലഭിച്ചത് സമൂഹമാദ്ധ്യമങ്ങൾ വഴിയാണെന്ന് ആയിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഇത് കള്ളമാണ്. രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആണ് ഇത് നൽകിയത്. കേന്ദ്രമന്ത്രിമാരായ ഗജേന്ദ്ര സിംഗ് ശെഖാവത്, കോൺഗ്രസ് നേതാവ് ഭൻവർലാൽ ശർമ്മ, സഞ്ജയ് ജെയ്ൻ എന്നിവരുടെ ശബ്ദശകലങ്ങൾ ആണ് പെൻഡ്രൈവിലാക്കി തനിക്ക് നൽകിയത്. ഇത് സമൂഹമാദ്ധ്യമങ്ങൾ വഴി പുറത്തുവിടാനും അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന്റെയും അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തുന്നവരുടെയും ഫോണുകൾ ചോർത്തിയിട്ടുണ്ട്. അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിനെതിരെ ഹൈക്കമാൻഡിനെ സമീപിക്കാൻ സച്ചിൻ പൈലറ്റ് തീരുമാനിച്ചതോടെയായിരുന്നു ഇത്. അശോക് ഗെഹ്ലോട്ട് സർക്കാരിനെ അട്ടിമറിയ്ക്കാൻ ബിജെപി ശ്രമിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ശർമ്മ കൂട്ടിച്ചേർത്തു.
തനിക്ക് ലഭിച്ച സന്ദേശങ്ങൾ എന്ത് ചെയ്തുവെന്ന് അറിയാൻ ഗെഹ്ലോട്ടിന് വലിയ ആകാംഷ ആയിരുന്നു. ഇതിനായി തന്റെ ഓഫീസിൽ എഒജി പരിശോധന നടത്തി. ഇതാണ് നമ്മുടെ മുൻ മുഖ്യമന്ത്രി. അദ്ദേഹം സ്വന്തം നേട്ടങ്ങൾക്കായി ജനങ്ങളെ ഉപയോഗിക്കുന്നു. ഫോൺ ചോർത്തൽ കേസുമായി ബന്ധപ്പെട്ട് താൻ നിരപരാധിയാണെന്നും അദ്ദേഹം പറഞ്ഞു.











