തിരുവനന്തപുരം: ചൂട് വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾ അടച്ചു. ഒരാഴ്ചത്തേയ്ക്കാണ് പ്രീ സ്കൂളിന്റെ പ്രവർത്തനം നിർത്തിവയ്ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വനിതാ ശിശുവികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
പല ജില്ലകളിലും കാലാവസ്ഥാ വകുപ്പ് ഉഷ്ണ തരംഗ സാദ്ധ്യത പ്രവചിച്ചിട്ടുണ്ട്. ഇതും ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശത്തെയും തുടർന്നാണ് നടപടി. ക്ലാസുകൾ മാത്രമാണ് ഒരാഴ്ചത്തേയ്ക്ക് നിർത്തിവയ്ക്കുന്നത്. അതേസമയം മറ്റ് പ്രവർത്തനങ്ങൾ പതിവ് പോലെ നടക്കും. ഈ കാലയളവിൽ കുട്ടികൾക്ക് നൽകേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യൻ വീടുകളിലെത്തിക്കുന്നതാണ്.
ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ചൂട് കൂടുതലുള്ള സമയങ്ങളിൽ കുട്ടികളെ വീടിന് പുറത്തേക്ക് അയക്കാതിരിക്കാൻ ശ്രദ്ധിക്കണം. നിർജലീകരണം തടയാൻ ധാരാളം വെള്ളവും പഴങ്ങളും കുട്ടികൾക്ക് നൽകാം.
Discussion about this post