ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനുശേഷം ഡൽഹിയിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ സ്തംഭിച്ചിരിക്കുന്ന അവസ്ഥയിലാണെന്ന നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി. ഭരണപരമായ തടസ്സങ്ങൾ മൂലം രണ്ടുലക്ഷത്തോളം വിദ്യാർഥികളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിഷേധിക്കപ്പെട്ടു എന്ന് കാണിച്ചു നൽകിയ ഹർജി പരിഗണിക്കവേ ആണ് ഡൽഹി ഹൈക്കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. അരവിന്ദ് കെജ്രിവാളിന് എതിരെയും ഡൽഹി സർക്കാരിനെതിരെയും രൂക്ഷമായ വിമർശനമാണ് ഹൈക്കോടതി ഇന്ന് നടത്തിയത്.
അറസ്റ്റിലായി ജയിലിൽ കഴിയുമ്പോഴും അധികാരത്തിൽ തുടരണമെന്ന കെജ്രിവാളിന്റെ നിർബന്ധം ദേശീയ താൽപര്യത്തേക്കാൾ ഉപരി രാഷ്ട്രീയ താല്പര്യമാണ് അദ്ദേഹത്തിനുള്ളതെന്ന് കാണിക്കുന്നു എന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പദവി പോലെ ഒരു സുപ്രധാന പദവി വഹിക്കുന്ന ഒരു വ്യക്തിയും ദീർഘനാളത്തേക്ക് ആശയവിനിമയം നടത്താതെ തൽസ്ഥാനത്തുനിന്നും മാറിനിൽക്കാൻ പാടില്ല എന്നാണ് ദേശീയ താൽപര്യവും പൊതു താൽപര്യവും ആവശ്യപ്പെടുന്നത് എന്നും ഹൈക്കോടതി വ്യക്തമാക്കി.
മുഖ്യമന്ത്രി പദവി എന്നുള്ളത് കേവലം ഔപചാരികതയ്ക്ക് മാത്രമുള്ളതല്ല. 24 മണിക്കൂറും പ്രവർത്തനം ആവശ്യപ്പെടുന്ന പദവിയാണത്. നിലവിൽ ഡൽഹിയിൽ മുഖ്യമന്ത്രിയുടെ അസാന്നിധ്യം വിദ്യാർത്ഥികളുടെ പാഠപുസ്തക വിതരണത്തെ പോലും ബാധിച്ചിരിക്കുകയാണ്. എംസിഡി കമ്മീഷണറുടെ സാമ്പത്തിക അധികാരം വർദ്ധിപ്പിക്കുന്നത് ഡൽഹി സർക്കാർ നിശ്ചലമായി എന്ന് സമ്മതിക്കുന്നതിന് തുല്യമാണ് എന്നും കോടതി വിലയിരുത്തി. ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മൻമീത് പ്രീതം എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഡൽഹി സർക്കാരിനെ കുറിച്ചുള്ള ഈ സുപ്രധാന വിലയിരുത്തൽ നടത്തിയത്.
Discussion about this post