ന്യൂഡൽഹി : ഭാര്യയോട് സംസാരിച്ചെന്ന് ആരോപിച്ച് യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി. ഡൽഹി സ്വദേശിയായ മനോജ് കുമാർ ഗുപ്ത (28) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തായ ഗുലാബ് ഷാ (39)യെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ചില്ലു കുപ്പി കൊണ്ട് കഴുത്തിൽ മുറിവേൽപ്പിച്ചാണ് പ്രതി മനോജ് കുമാറിനെ കൊലപ്പെടുത്തിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ചെങ്കോട്ടയ്ക്ക് സമീപമുള്ള ഓൾഡ് ലജ്പത് റായി മാർക്കറ്റിന്റെ മേൽക്കൂരയിൽ ഒരു യുവാവിന്റെ അജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നത്. രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. പോലീസ് നടത്തിയ പരിശോധനയിൽ മരിച്ചത് മനോജ് കുമാർ ഗുപ്ത എന്ന വ്യക്തിയാണെന്ന് കണ്ടെത്തി. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ആണ് പ്രതിയെ പിടികൂടിയത്.
ഒരുമിച്ച് മദ്യപിക്കാൻ ആയാണ് ഗുലാബ് മനോജിനെ വിളിച്ചു വരുത്തിയിരുന്നത്. മനോജ് തന്റെ ഭാര്യയുമായി സംസാരിക്കാറുണ്ടെന്ന് ഗുലാബിന് സംശയമുണ്ടായിരുന്നു. ഇതേക്കുറിച്ച് ചോദ്യം ചെയ്ത് വാക്ക് തർക്കം ഉണ്ടാവുകയും സമീപത്ത് ഉണ്ടായിരുന്ന കല്ലെടുത്ത് ഗുലാബ് മനോജിനെ ഇടുകയും ചെയ്തു. തുടർന്ന് ചില്ലുകുപ്പി കൊണ്ട് കഴുത്തിൽ പലതവണ കുത്തി മുറിവേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Discussion about this post