ന്യൂഡൽഹി : ഗർഭഛിദ്രത്തിന് നൽകിയ അനുമതി പിൻവലിച്ച അസാധാരണ നടപടിയുമായി സുപ്രീംകോടതി. ബലാത്സംഗത്തിന് ഇരയായ പതിനാലുകാരിയുടെ ഗർഭഛിദ്രത്തിന് നൽകിയ അനുമതി ആണ് സുപ്രീം കോടതി പിൻവലിച്ചത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നേരത്തെ നൽകിയ അനുമതി പിൻവലിച്ച് ഉത്തരവിറക്കിയത്.
14 കാരിയുടെ ഗർഭഛിദ്രത്തിന് അനുമതി നിഷേധിച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെ പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജി പരിഗണിച്ച് ആണ് സുപ്രീംകോടതി നേരത്തെ അനുമതി നൽകിയിരുന്നത്. ഗർഭഛിദ്രത്തിനും തുടർന്നുവരുന്ന പെൺകുട്ടിയുടെ പരിചരണത്തിനും ആവശ്യമായ ചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നും സുപ്രീം കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ നിലവിൽ ഗർഭഛിദ്രം നടത്തുന്നത് പെൺകുട്ടിക്ക് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന മെഡിക്കൽ റിപ്പോർട്ടിനെ തുടർന്നാണ് ഇപ്പോൾ സുപ്രീംകോടതി അനുമതി പിൻവലിച്ചിരിക്കുന്നത്. പെൺകുട്ടിയുടെ മാതാപിതാക്കളുമായും വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ച ശേഷമാണ് സുപ്രീംകോടതി നടപടി സ്വീകരിച്ചത്. പെൺകുട്ടിയുടെ ആരോഗ്യത്തിനാണ് പ്രഥമ പരിഗണന നൽകുന്നത് എന്ന് സുപ്രീംകോടതി വ്യക്തമാക്കി.
Discussion about this post