ഹൈദരാബാദ് : ബിആർഎസ് നേതാവ് കെ ചന്ദ്രശേഖർ റാവുവിന് തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും വിലക്ക്. മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ലംഘനത്തിന്റെ പേരിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ചന്ദ്രശേഖരൻ റാവുവിന് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. കോൺഗ്രസ് നൽകിയ പരാതിയെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. 48 മണിക്കൂർ സമയത്തേക്ക് ആണ് പ്രചാരണത്തിൽ നിന്നും ചന്ദ്രശേഖർ റാവുവിനെ വിലക്കിയിട്ടുള്ളത്.
ബുധനാഴ്ച രാത്രി എട്ടുമണിമുതലാണ് ചന്ദ്രശേഖർ റാവുവിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിന് വിലക്കുള്ളത്. കോൺഗ്രസിനെതിരെ ചന്ദ്രശേഖർ റാവു അപകീർത്തികരവും ആക്ഷേപകരവുമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് ജി നിരഞ്ജൻ ആണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ചന്ദ്രശേഖർ റാവുവിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. പൊതുയോഗങ്ങൾ, പൊതുജാഥകൾ, പൊതു റാലികൾ, മാദ്ധ്യമങ്ങളുമായുള്ള അഭിമുഖങ്ങൾ, പരസ്യപ്രസ്താവനകൾ എന്നിവയ്ക്കാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. തെലങ്കാന ചീഫ് ഇലക്ടറൽ ഓഫീസർ ആണ് ചന്ദ്രശേഖർ റാവുവിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
Discussion about this post