ലഖ്നൗ: വ്യവസായികളെക്കുറിച്ച് മാത്രമാലോചിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി കര്ഷകരെക്കുറിച്ചുകൂടി ഇടയ്ക്ക് ഓര്‍ക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രധാനമന്ത്രി ദിവസവും കഴിക്കുന്നത് കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഭക്ഷണമാണെന്നത് മറക്കരുതെന്നും, അവരോട് കുറച്ചെങ്കിലും ദയ കാണിക്കണമെന്നും രാഹുല്‍ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ വരള്‍ച്ച ബാധിത പ്രദേശമായ ബണ്ടല്ഖണ്ടില് ഗ്രാമീണരുടെ പദയാത്രയെ അഭിസംബോധാന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൂഡോയില്‍ വില കുറഞ്ഞതിനെത്തുടര്‍ന്ന് സര്‍ക്കാറിന് ലഭിച്ച അധികധനത്തില്നിന്ന് ഒരു ഭാഗം ഈ പ്രദേശത്തിന് വേണ്ടി മാറ്റിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ മുന്പോട്ട് നയിക്കുന്നത് വ്യവസായികള്‍ മാത്രമല്ല, കര്‍ഷകരും തൊഴിലാളികളും പാവങ്ങളും ഉള്‍പ്പെടെയുള്ളവരും ചേര്‍ന്നാണ്. പക്ഷേ, ഇന്ത്യയുടെ പ്രധാനമന്ത്രി വ്യവസായികളല്ലാതെ ആരേയുമോര്ക്കുന്നില്ലെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി. കര്‍ഷകര്‍ നേരിടുന്ന വരള്‍ച്ചയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും രാഹുല്‍ പറഞ്ഞു.
Discussion about this post