എറണാകുളം: സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് ഉപദ്രവിച്ച സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് നവവധുവിന്റെ കുടുംബം. സംഭവത്തിൽ മുഖ്യമന്ത്രിയ്ക്ക് കുടുംബം പരാതി നൽകും. സംഭവത്തിൽ പോലീസിന്റെ നടപടി വൈകുന്ന സാഹചര്യത്തിലാണ് കുടുംബം മുഖ്യമന്ത്രിയ്ക്ക് പരാതി നൽകുന്നത്.
എറണാകുളം വടക്കൻ പറവൂർ സ്വദേശിനിയായ പെൺകുട്ടിയ്ക്കാണ് വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കിടെ ഭർത്താവിൽ നിന്നും ക്രൂരമർദ്ദനം ഏറ്റുവാങ്ങേണ്ടി വന്നത്. കോഴിക്കോട് സ്വദേശി രാഹുലിനും കുടുംബത്തിനുമെതിരെയാണ് പരാതി. പെൺകുട്ടിയെ രാഹുൽ സ്ത്രീധനം കുറഞ്ഞു പോയെന്ന കാരണത്താൽ മൊബൈൽ ചാർജർ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പെൺകുട്ടി പറയുന്നത്.
സംഭവത്തിൽ പന്തീരാങ്കാവ് പോലീസിൽ പെൺകുട്ടിയും കുടുംബവും പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ കേസ് എടുത്ത പോലീസ് തുടർനടപടികൾ വൈകിപ്പിക്കുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. രാഹുലിനെതിരെ ഗാർഹിക പീഡനത്തിനാണ് നിലവിൽ പോലീസ് കേസ് എടുത്തിട്ടുള്ളത്. ഇതിനൊപ്പം വധശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ ചേർക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.
കഴിഞ്ഞ ആഴ്ചയായിരുന്നു യുവതിയുടെയും രാഹുലിന്റെയും വിവാഹം. ഒരാഴ്ചയ്ക്ക് ശേഷം പെൺകുട്ടിയെ കാണാൻ എത്തിയതായിരുന്നു വീട്ടുകാർ. അപ്പോൾ പെൺകുട്ടിയുടെ ദേഹം മുഴുവൻ മർദ്ദനം ഏറ്റ പാടുകൾ കാണുകയായിരുന്നു. തുടർന്ന് വിവരം തിരക്കിയപ്പോഴാണ് ക്രൂര പീഡനത്തിന്റെ വിവരങ്ങൾ പെൺകുട്ടി കുടുംബത്തോട് പറഞ്ഞത്.
Discussion about this post