മുംബൈ : മഹാരാഷ്ട്രയിൽ സുരക്ഷാസേനയും കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ. രണ്ട് സ്ത്രീകളടക്കം മൂന്ന് പേരെയാണ് സുരക്ഷാസേന വധിച്ചത്. ഗഡ്ചിരോലി ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.
ഭമ്രഗഡ് താലൂക്കിലെ കട്രംഗട്ട ഗ്രാമത്തിന് സമീപമുള്ള വനമേഖലയിൽ പെരിമിലി ദളത്തിലെ ചില അംഗങ്ങൾ ക്യാമ്പ് ചെയ്യുന്നതായി ഗഡ്ചിരോളി പോലീസിന് വിവരം ലഭിച്ചിരുന്നു . ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന തിരച്ചിൽ നടത്തിയത്. ഇതിനിടെ കമ്യൂണിസ്റ്റ് ഭീകരർ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്.
തുടർന്നുണ്ടായ തിരച്ചിലിൽ മൂന്ന് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. വാസു സമർ കോർച്ച (പെരിമിലി ദളത്തിന്റെ കമാൻഡർ), രേഷ്മ മഡ്കം (25), കമല മാധവി (24) എന്നിവരെയാണ് വകവരുത്തിയത് എന്ന് സേനാംഗങ്ങൾ അറിയിച്ചു. കൊലപാതകം, ഏറ്റുമുട്ടൽ, കൊള്ളയടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണ് മൂവരും. മഹാരാഷ്ട്ര സർക്കാർ ഇവർക്ക് 22 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഭീകരരിൽ നിന്ന് 1 എകെ 47, 1 കാർബൈൻ, 1 ഇൻസാസ് എന്നിവയുൾപ്പെടെയുള്ള ആയുധങ്ങൾ, ഭീകര സാഹിത്യങ്ങളും വസ്തുക്കളും കണ്ടെടുത്തതായി അധികൃതർ പറഞ്ഞു. സംഭവത്തെ തുടർന്ന് പ്രദേശത്ത് കൂടുതൽ സുരക്ഷാ ഉറപ്പാക്കി.
Discussion about this post