ന്യൂഡൽഹി : ദക്ഷിണേന്ത്യയിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിലും കിഴക്കൻ ഭൂമധ്യരേഖാ മേഖലയ്ക്ക് സമീപം ഒരു ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിക്കുമെന്നും മുന്നറിയിപ്പുണ്ട്.
അടുത്ത 48 മണിക്കൂറിനുള്ളിൽ ഈ ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലേക്കും അതിനോട് ചേർന്നുള്ള കിഴക്കൻ ഭൂമധ്യരേഖാ ഇന്ത്യൻ മഹാസമുദ്രത്തിലേക്കും നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ജനുവരി 9, 10 തീയതികളിൽ തെക്കൻ തമിഴ്‌നാട്ടിലും തെക്കൻ കേരളത്തിലും മഴയ്ക്ക് കാരണമായേക്കാം എന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ജനുവരി 9, 10 തീയതികളിൽ തമിഴ്‌നാട്ടിലെ ചില പ്രദേശങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ജനുവരി 10 ന് കേരളത്തിലെ വിവിധ പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം ഉത്തരേന്ത്യയിൽ മൂടൽമഞ്ഞ് ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.









Discussion about this post