ബെയ്റൂട്ട്: പാരിസില്‍ 130 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നിലുള്ള ഒന്‍പത് ഭീകരരുടെ വിഡിയോ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) പുറത്തുവിട്ടു. ഐ.എസിന്റെ വെബ്സൈറ്റിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
യുഎസുമായി ചേര്‍ന്ന് ഐഎസിനെതിരെ പ്രവര്‍ത്തിക്കുന്ന ബ്രിട്ടന് ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളെ ഭീഷണിപ്പെടുത്തുന്നുമുണ്ട് വീഡിയോയില്‍. ‘അവരെ എവിടെ കണ്ടാലും കൊല്ലുക’ എന്ന തലക്കെട്ടോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നാല് ബെല്‍ജിയന്‍ പൗരന്മാര് മൂന്ന് ഫ്രഞ്ച് പൗരന്മാര് രണ്ട് ഇറാഖ് പൗരന്മാര് എന്നിവരാണ് ആക്രമണത്തിന് ഉത്തരവാദികളെന്ന് വിഡിയോയില്‍ അവകാശപ്പെടുന്നു. ഇവരുടെ ദൃശ്യങ്ങളും കാണിക്കുന്നുണ്ട്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ ചിത്രം കാണിച്ച ശേഷം തങ്ങളുടെ വിശ്വാസങ്ങള്‍ക്കെതിരെ നില്‍ക്കുന്നവരെ ഞങ്ങളുടെ വാളുകള്‍ ലക്ഷ്യമിടുമെന്ന മുന്നറിയിപ്പും ഐഎസ് നല്കുന്നു. ആക്രമണത്തിന് നേതൃത്വം നല്കിയ ഒന്‍പത് ഭീകരരെയും ‘സിംഹങ്ങള്‍’ എന്നാണ് വിഡിയോയില്‍ വിശേഷിപ്പിക്കുന്നത്. പാരിസ് ആക്രമണത്തിന്റെ ചിത്രങ്ങളും സുരക്ഷാ ഓപ്പറേഷന്റെ ചിത്രങ്ങളും വിഡിയോയില്‍ കാണിക്കുന്നുണ്ട്.
നവംബര്‍ പതിമൂന്നിനാണ് ഫ്രാന്‍സിനെ ഞെട്ടിച്ച ഭീകരാക്രമണം പാരിസില്‍ നടന്നത്. തിയേറ്റര്‍, ബാര്‍, റസ്റ്ററന്റ് എന്നിവിടങ്ങളില്‍ വെടിവെപ്പും സ്റ്റേഡിയത്തില്‍ ചാവേര്‍ സ്ഫോടനവുമാണ് നടന്നത്.
Discussion about this post