ന്യൂഡൽഹി: ‘നമ്മുടെ മനസിൽ വിചാരിച്ചാൽ കാശിയും ഇറാനിലെ കഷാൻ നഗരവും തമ്മിലുള്ള ദൂരം അരയടി മാത്രം അകലയായി മാറും’- തന്ത്രപ്രധാനമായ ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഇറാനുമായി ധാരണയായപ്പോൾ 2016ൽ പ്രധാനന്ത്രി നരേന്ദ്ര മോദി പറഞ്ഞ വരികളാണിത്. അടൽ ബിഹാരി വാജ്മപയിയുടെ കാലത്ത് ഉയർന്നുവന്ന ആശയം വർഷങ്ങൾക്ക് ശേഷം മോദി സർക്കാരിന്റെ കാലത്ത് യാഥാർത്ഥ്യമായിരിക്കുകയാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചബഹാർ തുറമുഖത്തിന്റെ നേതൃത്വം ഏറ്റെടുത്തുകൊണ്ടുള്ള കരാറിൽ ഇറാനുമായി ഇന്ത്യ ഒപ്പുവച്ചിരിക്കുകയാണ്.
അമേരിക്കയുടെ നിരോധത്തെ തുടർന്ന് പ്രതിസന്ധിയിലായ ചബഹാർ തുറമുഖത്തിന്റെ വികസനത്തിന് പിന്തുണ നൽകിയ ഏക വിദേശ രാജ്യം ഇന്ത്യ മാത്രമാണ്. ഇന്ത്യ കരാർ ഏറ്റെടുത്തതിന് പിന്നാലെ ഇറാനുമായി സഹകരിക്കുന്ന രാജ്യങ്ങളും നിരോധനം നേരിടേണ്ടി വരുമെന്ന ഭീഷണിയുമായി അമേരിക്ക രംഗത്ത് വന്നിരുന്നു. എന്നാൽ അമേരിക്കയുടെ ഭീഷണിയ്ക്ക് കടുത്ത മറുപടിയാണ് ഇന്ത്യ നൽകിയത്.
ഇന്ത്യയ്ക്ക് ചബഹാർ പോർട്ട് പേരിനൊരു തുറമുഖം എന്നതിനുപരി വാണിജ്യപരവും തന്ത്രപരവുമായ സാധ്യതകളുടെ ഒരു മേഖല മാത്രമല്ല. പാകിസ്താന്റെ കരമാർഗമുള്ള ഗതാഗതം ഒഴിവാക്കി ഇന്ത്യൻ ചരക്കുകൾ അഫ്ഗാനിസ്ഥാനിലേക്ക് എത്തിക്കുകയാണ് ഇന്ത്യയുടെ പ്രധാന ലക്ഷ്യം. അഫ്ഗാനിസ്ഥാനിലേക്കുള്ള കറാച്ചി വഴിയുള്ള ചരക്ക് നീക്കം പാകിസ്താൻ മനപ്പൂർവം വൈകിപ്പിക്കുന്നുവെന്ന് ഇന്ത്യ നേരത്തെ ആരോപിച്ചിരുന്നു. തുറമുഖം പ്രവർത്തനക്ഷമമാകുന്നതോടെ ടർക്ക്‌മെനിസ്ഥാൻ, കസാക്കിസ്ഥാൻ എന്നിങ്ങനെയുള്ള മദ്ധ്യേഷ്യൻ രാജ്യങ്ങളിലേക്കുള്ള നേരിട്ടുള്ള ഗതാഗതവും എളുപ്പമാകും.
Discussion about this post