തിരുവനന്തപുരം: തെളിവെടുപ്പിനായി സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷനു മുന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹാജരായി. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണ കമീഷന് മുന്നില്‍ ഹാജരാാകുന്നത്. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ വെച്ചാണ് മുഖ്യമന്ത്രിയെ വിസ്തരിക്കുക.
കമ്മീഷന് മുന്‍പാകെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സത്യവാങ്മൂലം സമര്‍പ്പിച്ചു. ഇന്നലെ അഭിഭാഷകന്‍ മുഖേനയാണ് മുഖ്യമന്ത്രി സത്യവാങ്മൂലം സമര്‍പ്പിച്ചത്.
സരിതയെ കണ്ടെന്ന ആരോപണത്തില്‍ നേരത്തേ നിയമസഭയില്‍ നല്‍കിയ മൊഴിയില്‍ തനിക്ക് പിശകുപറ്റിയെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
വിജ്ഞാന്‍ ഭവനില്‍ നടന്ന യോഗത്തിന്റെ തിയതി നിയമസഭയില്‍ പറഞ്ഞതില്‍ തെറ്റ് പറ്റി.
ഡിസംബര്‍ 27നു പകരം 29 എന്നാണു നിയമസഭയില്‍ പറഞ്ഞതെന്നു സത്യവാങ്മൂലത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. തിയതി സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരങ്ങളാണ് നിയമസഭയില്‍ വിശദീകരിച്ചത്. ഇതുമൂലമാണ് പിഴവ് സംഭവിച്ചത്. സോളാര്‍ തട്ടിപ്പ് മൂലം സംസ്ഥാന സര്‍ക്കാറിന് നഷ്ടമുണ്ടായിട്ടില്ല. പ്രതികളെ രക്ഷിക്കാന്‍ താനോ തന്റെ ഓഫിസോ കൂട്ടുനിന്നിട്ടില്ല. പക്ഷേ പേഴ്‌സണല്‍ സ്റ്റാഫിനു വീഴ്ചവന്നു. അതുകൊണ്ടാണ് അവരെ പുറത്താക്കേണ്ടിവന്നത്. ശ്രീധരന്‍ നായരെയും സരിതയേയും ഒരുമിച്ച് കണ്ടിട്ടില്ല. ക്രഷര്‍ യൂണിറ്റിന്റെ കാര്യത്തെക്കുറിച്ച് സംസാരിക്കാനാണ് ശ്രീധരന്‍ നായര്‍ തന്നെ സന്ദര്‍ശിച്ചത് എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
സോളാര്‍ കേസില്‍ പ്രധാന പ്രതിയായ ബിജു രാധാകൃഷ്ണന്റെയും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെയും മൊഴികള്‍ എതിരായതോടെയാണ് മുഖ്യമന്ത്രിയുടെ മൊഴി രേഖപ്പെടുത്താന്‍ കമീഷന്‍ നിര്‍ബന്ധിതമായത്.
സോളാര്‍ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജി. ശിവരാജന് പുറമെ മറ്റ് കക്ഷികളുടെ അഭിഭാഷകരും മുഖ്യമന്ത്രിയെ വിസ്തരിക്കും. മൊഴിയെടുക്കല്‍ പെട്ടെന്ന് പൂര്‍ത്തിയാക്കി ഏപ്രില്‍ 27ന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജസ്റ്റിസ് ശിവരാജന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സോളാര്‍ കേസില്‍ ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ നേരിടേണ്ടി വന്നത് മുഖ്യമന്ത്രിയുടെ ഓഫിസിനാണ്. ഈ ആരോപണങ്ങളില്‍ തന്റെ ഭാഗം പറയാനുള്ള അവസരമാണ് മുഖ്യമന്ത്രിക്ക് ഇപ്പോഴുണ്ടായിരിക്കുന്നത്. സോളാര്‍ ആരോപണങ്ങള്‍ക്കെതിരെയുള്ള പ്രതിപക്ഷ സമരങ്ങളെ പ്രതിരോധിക്കാനാണ് ഒരു വര്‍ഷം മുമ്പ് പ്രത്യേക സോളാര്‍ അന്വേഷണ കമീഷനെ സര്‍ക്കാര്‍ നിയമിക്കുന്നത്.
Discussion about this post