സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം തുടങ്ങി ആകാശത്ത് നടക്കുന്ന പ്രതിഭാസങ്ങൾ വലിയ കൗതുകമാണ് നമ്മളിൽ ഉണ്ടാക്കാറുള്ളത്. നൂറോ ആയിരമോ വർഷങ്ങൾക്ക് ശേഷം സംഭവിക്കുന്ന പ്രതിഭാസങ്ങൾ കാണാൻ രാത്രി മുഴുവനും മാനം നോക്കിയിരിക്കുന്നവരാണ് ഭൂരിഭാഗവും. ആഴക്കടിലിന്റെ അടിത്തട്ട് പോലെ നമ്മെ വിസ്മയിപ്പിക്കുന്ന ഒന്നാണ് ആകാശം എന്ന് ഒരു തരത്തിൽ പറയാം. ഇത്തരത്തിൽ നമ്മെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാഴ്ചയ്ക്ക് വേണ്ടിയാണ് ലോകം കാത്തിരിക്കുന്നത്.
ആറ് ഗ്രഹങ്ങൾ ഒരേ വരിയിൽ വിന്യസിക്കുന്ന അത്യപൂർവ്വ പ്രതിഭാസത്തിനാണ് ലോകം സാക്ഷിയാകാൻ ഒരുങ്ങുന്നത്. ജൂണിൽ ആകാശത്ത് ഈ പ്രതിഭാസം ദൃശ്യമാകും. ആയിരക്കണക്കിന് വർഷങ്ങൾ കൂടുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കാറുള്ളത്. ജൂൺ ആദ്യവാരം ആയിരിക്കും ഇത്തരത്തിൽ ഗ്രഹങ്ങൾ ഒരേ വരിയിൽ എത്തിച്ചേരുക.
ഭൂമിയിൽ നിന്നും അടുത്ത് കാണും ശനി, ചൊവ്വ, യുറാനസ്, നെപ്ട്യൂൺ, ബുധൻ, വ്യാഴം എന്നീ ഗ്രഹങ്ങളാണ് ഒരേ വരിയിൽ വിന്യസിക്കുന്നത്. അങ്ങിനെ വരുമ്പോൾ ഈ ഗ്രഹങ്ങൾ തമ്മിലുള്ള അകലം നന്നെ കുറയും.
നഗ്നനേത്രങ്ങൾ കൊണ്ട് ഈ പ്രതിഭാസം കാണാൻ സാധിക്കുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു. എന്നാൽ മുഴുവൻ ഗ്രഹങ്ങളെയും ഒരു പക്ഷെ പൂർണമായും കാണാൻ സാദ്ധ്യതയില്ലെന്നാണ് ഇവർ പറയുന്നത്. കാരണം ഭൂമിയിൽ നിന്നും ഈ ഗ്രഹങ്ങളിലേക്കുള്ള അകലമാണ്. ഭൂമിയോട് അടുത്ത് നിൽക്കുന്ന ഗ്രഹങ്ങളെ മാത്രമാകും നഗ്നനേത്രങ്ങൾ കൊണ്ട് നമുക്ക് കാണാൻ സാധിക്കുക. ചൊവ്വയും ശനിയും മാത്രമാകും സൂര്യൻ അസ്തമിക്കുന്നതോടെ ദൃശ്യമാകുക. ശേഷം അർദ്ധരാത്രിയോടെ മറ്റ് ഗ്രഹങ്ങളും ആകാശത്ത് പ്രത്യക്ഷമാകും.
നിലവിൽ മൺസൂണിന്റെ തുടക്കത്തിലാണ് രാജ്യമുള്ളത്. അതിനാൽ ഇന്ത്യയിൽ ഈ പ്രതിഭാസം ദൃശ്യമാകുമോയെന്നത് സംശയമാണ്. തെളിഞ്ഞ ആകാശത്ത് മാത്രമേ ഈ പ്രതിഭാസം ദൃശ്യമാകു എന്നാണ് ഗവേഷകർ പറയുന്നത്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഈ പ്രതിഭാസം വ്യക്തമായി കാണാൻ സാധിച്ചേക്കാമെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.










