ഇസ്ലാമാബാദ്: മതനിന്ദ ആരോപിച്ച് ക്രിസ്ത്യൻ മതവിശ്വാസിയെ ആക്രമിച്ച് വീട് നശിപ്പിച്ച് ആൾക്കൂട്ടം. പാകിസ്താനിലെ സർഗോധയിലെ മുജാഹിദ് കോളനി പരിസരത്താണ് സംഭവം. മതനിന്ദ ആരോപിച്ച് രോഷാകുലരായ നാട്ടുകാർ ക്രിസ്ത്യൻ മതവിശ്വാസിയുടെ വീട്ടിൽ കയറുകയും വീട്ടിലെ സാധനങ്ങൾ നശിപ്പിച്ച ശേഷം തീയിടുകയുമായിരുന്നു.
ശേഷം സമീപത്തുള്ള ഷൂ ഫാക്ടറിയ്ക്കും ജനക്കൂട്ടം തീവച്ചു. രണ്ട് ക്രിസ്ത്യൻ കുടുംബങ്ങളെ പോലീസ് എത്തിയാണ് അക്രമകാരികളിൽ നിന്ന് രക്ഷപ്പെടുത്തിയത്. സംഭവത്തിൽ 25 പേരെ പിടികൂടിയതായി പോലീസ് വ്യക്തമാക്കി. പ്രാദേശിക മുസ്ലീം പുരോഹിതന്റെ പ്രേരണയെ തുടർന്നാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ആരോപണവിധേയനല്ല ഖുറാന്റെ പേജുകൾ കീറിയതെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
ക്രിസ്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ നഗരത്തിലുടനീളം കൂടുതൽ പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജനക്കൂട്ടത്തിന്റെ കല്ലേറിൽ 10 ലധികം പോലീസുകാർക്ക് സാരമായി പരിക്കേറ്റു.












