അമേരിക്കയുടെ ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ മേഖലയിലെ സ്ഥിതി അതീവ സങ്കീർണ്ണമായി തുടരുന്നു. 3,500 ഓളം നാവികരും അത്യാധുനിക F-35 യുദ്ധവിമാനങ്ങളുമായി യുഎസ്എസ് ട്രിപ്പോളി പേർഷ്യൻ ഗൾഫിൽ എത്തിയിട്ടുണ്ട്. ഇത് കരയുദ്ധത്തിനുള്ള വ്യക്തമായ സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു.
യുഎസ്എസ് ട്രിപ്പോളിക്ക് പിന്നാലെ യുഎസ്എസ് ബോക്സർ , യുഎസ്എസ് ന്യൂ ഓർലിയൻസ് എന്നീ യുദ്ധക്കപ്പലുകളും മിഡിൽ ഈസ്റ്റിലേക്ക് തിരിച്ചിട്ടുണ്ട്. ഇതിലൂടെ പതിനായിരക്കണക്കിന് അധിക സൈനികരെ മേഖലയിൽ വിന്യസിക്കാനാണ് അമേരിക്കൻ നീക്കം.
വെൽക്കം ടു ഹെൽ’ എന്നാണ് ഇറാന്റെ ഔദ്യോഗിക പത്രമായ ‘ടെഹ്‌റാൻ ടൈംസ്’ ലൂടെ അമേരിക്കൻ സൈനികർക്ക് ഇറാൻ നൽകിയ കടുത്ത മുന്നറിയിപ്പ് . “അധിനിവേശക്കാരുടെ രക്തം കൊണ്ട് പേർഷ്യൻ ഗൾഫ് ചുവക്കും” എന്നാണ് ഇറാന്റെ നിലപാട്.
അമേരിക്കൻ സൈന്യം ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡ് പിടിച്ചെടുക്കാൻ പദ്ധതിയൊരുക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം പുനഃസ്ഥാപിക്കാൻ ഇത് അനിവാര്യമാണെന്ന് പെന്റഗൺ കരുതുന്നു. എന്നാൽ പ്രസിഡന്റ് ട്രംപ് ഇപ്പോഴും ഒരു സമാധാന കരാറിനായി ശ്രമിക്കുന്നതായും വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിക്കുന്നു.
ഇറാന്റെ പക്കലുള്ള മിസൈൽ ശേഖരത്തിന്റെ മൂന്നിലൊന്ന് മാത്രമേ ഇതുവരെ നശിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ സൂചിപ്പിക്കുന്നു. ബാക്കിയുള്ളവ ഇറാൻ ഭൂഗർഭ അറകളിൽ ഒളിപ്പിച്ചിരിക്കുകയാണ്.
യെമനിലെ ഹൂതി വിമതർ ശനിയാഴ്ച ഇസ്രായേലിന് നേരെ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തു. അമേരിക്കയോ ഇസ്രായേലോ ആക്രമണം തുടർന്നാൽ കൂടുതൽ കടുത്ത നടപടികളുണ്ടാകുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
‘യുദ്ധം അവസാനിപ്പിക്കാനായി പാകിസ്താൻ, സൗദി അറേബ്യ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങൾ നയതന്ത്ര ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച പാകിസ്ഥാനിൽ വെച്ച് നിർണ്ണായകമായ വിദേശകാര്യ മന്ത്രിമാരുടെ യോഗം നടക്കും.










