വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ‘നോ കിംഗ്സ്’ എന്ന പേരിൽ ലോകവ്യാപകമായി കൂറ്റൻ പ്രതിഷേധ റാലികൾ. ട്രംപിന്റെ ഭരണശൈലിക്കെതിരെയും അദ്ദേഹത്തിന്റെ നയങ്ങൾക്കെതിരെയും കടുത്ത പ്രതിഷേധമാണ് ജനങ്ങൾ ഉയർത്തിയത്. അമേരിക്കയിലെ പ്രധാന നഗരങ്ങളിലും ലണ്ടൻ, പാരിസ് തുടങ്ങിയ ലോകത്തെ പ്രമുഖ നഗരങ്ങളിലും നടന്ന പ്രതിഷേധ റാലികളിലായി ലക്ഷക്കണക്കിനാളുകളാണ് പങ്കെടുത്തത്.
അമേരിക്കൻ ജനാധിപത്യം ഏകാധിപത്യത്തിലേക്ക് വഴുതിവീഴുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന മുദ്രാവാക്യങ്ങൾ. “നമുക്ക് വേണ്ടത് ഒരു പ്രസിഡന്റിനെയാണ്, രാജാവിനെയല്ല”, “കിരീടം അഴിച്ചു വെക്കൂ കോമാളീ” എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു റാലികൾ നടന്നത്. അമേരിക്കയിൽ വിവിധ സ്റ്റേറ്റുകളിൽ ജനങ്ങൾ സ്വമേധയാ സംഘടിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. ലണ്ടനിലെ ട്രഫാൽഗർ സ്ക്വയറിലും ജർമ്മനിയിലെ ബർലിനിലും ട്രംപ് വിരുദ്ധ മുദ്രാവാക്യങ്ങളുമായി ആയിരങ്ങൾ അണിനിരന്നു. ആഗോള രാഷ്ട്രീയത്തിൽ ട്രംപിന്റെ നിലപാടുകൾ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു എന്ന് ഇവർ ആരോപിച്ചു.








