ന്യൂഡൽഹി: സിഎഎയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ ഡൽഹിയിൽ ആക്രമണം അഴിച്ചുവിട്ട കേസിലെ പ്രതിയും ജെഎൻയുവിലെ മുൻ വിദ്യാർത്ഥി നേതാവുമായ ഉമർ ഖാലിദിന് തിരിച്ചടി. ജാമ്യം ആവശ്യപ്പെട്ട് നൽകിയ ഹർജി ഡൽഹി കോടതി തള്ളി. കേസിൽ 2020 സെപ്തംബറിലാണ് ഉമർ ഖാലിദ് അറസ്റ്റിലായത്.
കഴിഞ്ഞ മൂന്നര വർഷമായി ജയിലിൽ കഴിയുകയാണെന്നും, ഇതേ സ്ഥാനത്ത് കേസിലെ മറ്റ് പ്രതികൾ ജാമ്യം ലഭിച്ച് പുറത്താണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. മറ്റ് പ്രതികൾക്ക് നൽകിയ അതേ അനുകൂല്യം തനിക്കും ലഭിക്കണം എന്നും ഹർജിയിൽ ഉമർ ഖാലിദ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യങ്ങളെല്ലാം കോടതി നിരാകരിക്കുകയായിരുന്നു. ഡൽഹി കർക്കർധൂമ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
യുഎപിഎയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഉമർ ഖാലിദിനെതിരെ പോലീസ് കേസ് എടുത്തിരുന്നത്. എന്നാൽ ഈ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചെയ്തിട്ടില്ലെന്ന് ഉമർ ഖാലിദിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കുറ്റപത്രത്തിൽ തുടർച്ചയായി ഉമറിന്റെ പേര് ഉപയോഗിച്ചാൽ അയാൾ കുറ്റക്കാരൻ ആകില്ലെന്നും അഭിഭാഷകൻ പറഞ്ഞു. എന്നാൽ ഇതെല്ലാം കോടതി തള്ളുകയായിരുന്നു.
Discussion about this post