ന്യൂഡൽഹി: രണ്ട് മണിക്കൂറിനുള്ളിൽ ഇൻഡി സഖ്യം പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്ന് കോൺഗ്രസ്. പാർട്ടി വക്താവ് ജയ്‌റാം രമേശ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇൻഡിയ്ക്ക് തിരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം ലഭിക്കും.സഖ്യത്തിൽ ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിക്കുന്ന പാർട്ടി നേതൃത്വം പ്രധാനമന്ത്രിപദത്തിന് അവകാശവാദം ഉന്നയിക്കുന്നത് യുക്തിസഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
272 എന്ന മാജിക് നമ്പർ കടക്കാൻ സഖ്യത്തിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം എൻ.ഡി.എ സഖ്യത്തിലുള്ള ചില പാർട്ടികളും സഖ്യത്തിനൊപ്പം ചേരും. പുതിയ പാർട്ടികളുടെ വരവിൽ ഉൾപ്പടെ ഹൈക്കമാൻഡ് നിർണായക തീരുമാനങ്ങളെടുക്കുമെന്നും ജയ്‌റാം രമേശ് പറഞ്ഞു.
നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ടിഡിപി തുടങ്ങിയ എൻഡിഎ സഖ്യകക്ഷികൾക്ക് തിരഞ്ഞെടുപ്പിന് ശേഷം വാതിലുകൾ തുറന്നിട്ടിരിക്കുമോ എന്ന ചോദ്യത്തിന്, നിതീഷ് കുമാർ മലക്കംമറിച്ചിലിന്റെ മാസ്റ്ററാണെന്ന് കോൺഗ്രസ് നേതാവ് മറുപടി നൽകി.
വിജയത്തിലും ഞങ്ങൾ വിശാലഹൃദയരായിരിക്കും. പകപോക്കലിന്റെ രാഷ്ട്രീയമില്ല, പ്രതികാര രാഷ്ട്രീയമില്ല. ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഖ്യാതമായ വിവേകാനന്ദപ്പാറയിൽ രണ്ട് ദിവസം ധ്യാനത്തിലിരിക്കാൻ പോകുകയാണ്. അതേ വിവേകാനന്ദ സ്മാരകത്തിൽനിന്നാണ്, 2022 സെപ്തംബർ ഏഴിന് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. വിരമിച്ചതിന് ശേഷമുള്ള മോദിയുടെ ജീവിതം ധ്യാനത്തിലായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് പാർട്ടി വക്താവ് കൂട്ടിച്ചേർത്തു.
Discussion about this post