ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിലേക്ക്. പിഎസ്‌ജിയുടെ താരമായിരുന്ന എംബാപ്പെയുടെ കരാർ പോയ സീസണോടെ അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എംബാപ്പെ തന്റെ സ്വപ്ന ക്ലബ്ബായ റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നത്. ക്ലബ്ബിൽ ചേരുന്നതുമായി ബന്ധപ്പെട്ട കരാറിൽ റയൽ മാഡ്രിഡും കിലിയൻ എംബാപ്പെയും ഒപ്പ് വെച്ചതായി പ്രമുഖ ഫുട്ബോൾ ജേർണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു.
എംബാപ്പെയുടെ ക്ലബ് പ്രവേശനം സംബന്ധിച്ച് ഈയാഴ്ച തന്നെ റയൽ മാഡ്രിഡിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ ഇത് സംബന്ധിച്ച് അന്തിമ ധാരണയായിരുന്നു എന്നാണ് ഫാബ്രിസിയോ റൊമാനോ പറയുന്നത്. ലോകത്തെ ഏറ്റവും മികച്ച ഗോൾ സ്‌കോറർമാരിൽ ഒരാളായാണ് 25കാരനായ കിലിയൻ എംബാപ്പെ അറിയപ്പെടുന്നത്.
2022ൽ എംബാപ്പെ റയൽ മാഡ്രിഡിൽ ചേരുന്നതിന്റെ വക്കിൽ എത്തിയിരുന്നു. എന്നാൽ, അവസാന നിമിഷം ഫ്രാൻസിൽ നിന്നുള്ള സമ്മർദ്ദം കാരണം എംബാപ്പെ പിഎസ്‌ജിയുമായുള്ള കരാർ നീട്ടുകയായിരുന്നു. ചെറുപ്രായത്തിൽ തന്നെ ലോകകപ്പും ഗോൾഡൻ ബൂട്ടും ഉൾപ്പെടെയുള്ള അതുല്യ നേട്ടങ്ങൾ സ്വന്തമാക്കിയ ഫ്രഞ്ച് ഫോർവേഡിന് പക്ഷേ ക്ലബ് ഫുട്ബോളിലെ പ്രധാന കിരീടമെന്ന് വിശേഷിക്കപ്പെടുന്ന യുവേഫ ചാമ്പ്യൻസ് ലീഗിൽ മുത്തമിടാൻ ഇതുവരെ ഭാഗ്യം ലഭിച്ചിട്ടില്ല.
യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ രാജാക്കൻമാരായ റയൽ മാഡ്രിഡിന്റെ പാളയത്തിലേക്ക് ചേക്കേറുന്നതോടെ എംബാപ്പെയുടെ ഈ മോഹം പൂവണിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചരിത്രം രചിച്ച് 15 ആം ചാമ്പ്യൻസ് ലീഗ് കിരീടം ഇന്നലെയാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. ജർമ്മൻ ക്ലബ് ബൊറൂസിയ ഡോട്ട്മുണ്ടിനെ കീഴടക്കിയാണ് റയൽ മാഡ്രിഡ് ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയത്.
Discussion about this post