സോൾ: കാരണങ്ങൾ പലവിധമാണെങ്കിലും ലോകത്ത് എല്ലായിടത്തും വിവാഹമോചനങ്ങൾ നടക്കാറുണ്ട്. ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാമെന്ന സ്വപ്‌നവുമായി ഒന്നുചേർന്നവർ പിരിയുന്നത് ദു:ഖകരം തന്നെയാണ്. എന്നാൽ ഒരിക്കലും ഒത്തുപോകാൻ കഴിയില്ലെന്ന് മനസിലാക്കിയവർ പിരിയുന്നതാണ് നല്ലത്. ഇപ്പോഴിതാ വിവാഹമോചനം കാരണം പണിവാങ്ങിയ ഒരു കോടീശ്വരന്റെ കഥയാണ് ചർച്ചയാവുന്നത്. ദക്ഷിണ കൊറിയയിലെ സിയോളിലാണ് സംഭവം.
കൊറിയൻ വ്യവസായ പ്രമുഖനായ ചെയ് ടെ വോണിനാണ് മുട്ടൻ പണി കിട്ടിയത്. 8333 കോടി രൂപയാണ് വിവാഹമോചന കേസിൽ തന്റെ മുൻ ഭാര്യ റോ സോ-യംഗിന് നൽകാൻ സിയോൾ കോടതി വിധിച്ചത്. ഇതിന് ചെയ് സമ്മതിക്കുകയാണെങ്കിൽ രാജ്യത്തെ ഏറ്റവും വലിയ വിവാഹമോചന സെറ്റിൽമെന്റായി ഇത് മാറും.
35 വർഷം മുൻപാണ് ബിസിനസുകാരനായ ചെയ് ടെ – വോൺ വിവാഹം കഴിക്കുന്നത്. അന്ന് അദ്ദേഹം ശതകോടീശ്വരൻ ആയിരുന്നില്ല. തന്റെ ഭർത്താവിന് ഒരു സ്ത്രീയുമായി വിവാഹേതര ബന്ധമുണ്ടെന്ന് റോ സോ-യംഗ് കണ്ടെത്തിയതോടെ പ്രശ്‌നമായി. റോ സോ- യംഗ് വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്യുകയായിരുന്നു. കഴിഞ്ഞ പത്തുവർഷമായി ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നത്.
ഇരുവരുടെയും വിവാഹമോചന കേസ് പരിഗണിച്ചപ്പോഴാണ് റോ സോ – യംഗിന് ഭർത്താവിന്റെ കമ്പനിയുടെ ഓഹരികളിൽ ഒരു ഭാഗം നൽകണമെന്ന് കോടതി പറഞ്ഞത്. ദക്ഷിണ കൊറിയയിലെ പ്രമുഖ മൊബൈൽ കമ്പനിയായ എസ്‌കെ ഗ്രൂപ്പിന്റെ ചെയർമാനാണ് ചെയ് ടെ -വോൺ. എസ്‌കെ ഗ്രൂപ്പാണ് ലോകത്തിലെ രണ്ടാമത്തെ വലിയ മെമ്മറി ചിപ്പ് നിർമ്മാതാക്കളായ ‘SK Hynix’ നിയന്ത്രിക്കുന്നത്.
മുൻ പ്രസിഡന്റ് റോഹ് തേ – വൂവിന്റെ മകളാണ് റോ സോ -യംഗ്. ചെയ്യുടെ ബിസിനസ് വിജയത്തിന് പിന്നിൽ മുൻ ഭാര്യയുടെയും അവരുടെ പിതാവിന്റെയും സംഭാവനകൾ ഉണ്ടെന്ന് പരിഗണിച്ചാണ് കോടതി ഇത്രയും വലിയ തുക ജീവനാംശം നൽകാൻ അറിയിച്ചത്. മുൻപ് എസ്‌കെയുടെ ഒരു ഓഹരി റോ ആവശ്യപ്പെട്ടത് കുടുംബകോടതി തളളിയിരുന്നു. ഇതിന് പിന്നാലെയാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ഈ ഒത്തുതീർപ്പിനെ കോടതിയിൽ ചോദ്യം ചെയ്യുമെന്ന് ചെയുടെ അഭിഭാഷകർ പറഞ്ഞു.
Discussion about this post