തിരുവനന്തപുരം: സരിതയുടെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ഗവര്‍ണര്‍ പിരിച്ചുവിടണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്. സരിതയോട് മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി നല്കുവാന് ആവശ്യപ്പെട്ട തമ്പാനൂര്‍ രവിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും വി.എസ് ആവശ്യപ്പെട്ടു.
സരിത നേരത്തെ മജിസ്ട്രേറ്റിന് മുന്‍പാകെ മൊഴി നല്‍കിയിട്ടും 21 പേജുളള കത്ത് അന്വേഷണ സംഘം കണ്ടെത്തിയില്ല. കൂടാതെ സരിതയെ താമസിപ്പിച്ചിരുന്ന ജയിലില്‍ അപായപ്പെടുത്താനുളള മുന്നൊരുക്കത്തോടെ ആയുധധാരികളായ സംഘം എത്തിയെന്ന ജയില്‍ ഡിജിപിയുടെ വെളിപ്പെടുത്തലും അന്വേഷണ സംഘം മുഖവിലക്കെടുത്തില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സരിതയുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ നശിപ്പിച്ചതാകട്ടെ കോപ്പിയടിച്ചതിന് പിടിയിലായ ഐജി ജോസ് ആണെന്നും പോലീസ് മേധാവി കമ്മീഷനില്‍ പറഞ്ഞിരുന്നു. എന്നിട്ടും യാതൊരു നടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ല. ചുരുക്കത്തില്‍ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ തട്ടിക്കൂട്ടിയെടുത്തതാണ് അന്വേഷണ സംഘമെന്ന് തെളിഞ്ഞിരിക്കുകയാണ്.
സുധീരന്റെ ഉമ്മന്‍ചാണ്ടി രക്ഷായാത്ര അവസാനിപ്പിക്കുവാന്‍ തയ്യാറാകണമെന്നും, സുധീരന് കള്ളക്കൂട്ടങ്ങളില്‍ നിന്നും സോണിയക്ക് രാജി സമര്‍പ്പിക്കാന്‍ ഉള്ള മനസ്കത കാട്ടണമെന്നും വി.എസ് ആവശ്യപ്പെട്ടു.
ഫെബ്രുവരിയില്‍ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിനു മുന്‍പായി മുഖ്യമന്ത്രിയെ പുറത്താക്കുവാന്‍ ഗവര്‍ണര്‍ ഇടപെടണമെന്നും, ഇന്നത്തെ സരിതയുടെ വെളിപ്പെടുത്തലുകളോടെ ഇന്ത്യയ്ക്ക് മുന്പില് തലതാഴ്ത്തേണ്ടി വന്ന കേരളത്തിന്റെ അവസ്ഥയില്‍ ഞാനും ദുഖിക്കുന്നു എന്നും പറഞ്ഞാണ് വിഎസ് വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്.
Discussion about this post