മലപ്പുറം: എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി നടത്തിയ യുവാവ് അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി സുഹൈബ് (29) ആണ് അറസ്റ്റിലായത്. സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായ ഇയാളെ നെടുമ്പാശേരി പോലീസിന് കൈമാറുകയകയിരുന്നു.
ഇന്ന് പുലർച്ചെയാണ് എയർ ഇന്ത്യ വിമാനത്തിന്റെ കൺട്രോൾ റൂമിലേക്ക് ഫോൺ സന്ദേശമെത്തിയത്. ഇന്ന് 11.50 ഓടെ നെടുമ്പാശേരിയിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിൽ ബോംബ് വയ്ക്കുമെന്നായിരുന്നു ഭീഷണി. ഇതോടെ, എയർ ഇന്ത്യ അധികൃതർ വിമാനത്താവളം അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വിമാനം പൂർണമായി പരിശോധിച്ചു.
തുടർന്നുള്ള അന്വേഷണത്തിലാണ് സുഹൈബ് പിടിയിലായത്. കഴിഞ്ഞ ആഴ്ച്ച സുഹൈബ് എയർ ഇന്ത്യ വിമാനത്തിൽ ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് എത്തിയിരുന്നു. ഈ യാത്രയിൽ ഇയാളുടെ കുട്ടിക്ക് വിമാനത്തിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റു. ഇതുമായി ബന്ധപ്പെട്ട് ഇയാൾ എയർ ഇന്ത്യയ്ക്ക് പരാതി നൽകുകയും ഇന്നത്തേക്കുള്ള തന്റെ മടക്കയാത്രയ്ക്ക് ബുക്ക് ചെയ്തിരുന്ന ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ഇതിൽ പരിഹാരം കാണാൻ എയർ ഇന്ത്യ തയ്യാറായില്ല. ഇന്നലെ രാത്രിയും എയർ ഇന്ത്യയുമായി ബന്ധപ്പെട്ടിട്ടും അനുകൂല മറുപടി ലഭിക്കാതെ വന്നതോടെയാണ് സുഹൈബ് ഇത്തരമൊരു ഭീഷണി മുഴക്കിയത്.
രാവിലെ വിമാനത്തിൽ കയറാനായി കുടുംബത്തോടെ എത്തിയപ്പോഴാണ് സുഹൈബ് സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായത്. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പാസ്‌പോർട്ട് ഉൾപ്പെടെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Discussion about this post