എറണാകുളം: അന്താരാഷ്ട്ര അവയവക്കടത്ത് റാക്കറ്റിനൈ കുറിച്ച് കൂടുതൽ കണ്ടെത്തലുകളുമായി പോലീസ്. അവയവക്കടത്തിന്റെ ഗുണഭോക്താക്കളെല്ലാം ഇന്ത്യക്കാരാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇറാനിലെ ആശുപത്രികളിലാണ് അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടക്കുന്നതെന്നും പോലീസ് കണ്ടെത്തി.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 20 വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയകളാണ് അവയവ മാഫിയയുടെ നേതൃത്വത്തിൽ നടന്നിട്ടുള്ളത്. വൃക്ക മാറ്റി വച്ചവരെല്ലാം ഇന്ത്യക്കാരാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് വൃക്കകൾ സ്വീകരിച്ചിട്ടുള്ളത്. ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തർപ്രദേശ്, ഡൽഹി, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള സ്വീകർത്താക്കളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
അതേസമയം, സ്വീകർത്താക്കൾക്കെതിരെ കേസെടുക്കുന്നതിനെ കുറിച്ച് നിയമോപദേശം തേടിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ദാതാക്കളെ അവയവം വിൽക്കാൻ പ്രേരിപ്പിക്കുന്നതിൽ സ്വീകർത്താക്കൾക്ക് എന്തെങ്കിലും പങ്കുണ്ടോ എന്ന് അനേ്വഷിക്കണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.
അവയവക്കടത്തുമായി ബന്ധപ്പെട്ട് 13 പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. 12 കോടിയോളം രൂപയാണ് സ്വീകർത്താക്കളിൽ നിന്നും അവയവ റാക്കറ്റ് കൈപ്പറ്റിയിട്ടുള്ളത്. എന്നാൽ, ദാതാക്കൾക്ക് ആറ് ലക്ഷം രൂപ വീതം നൽകിയ ശേഷം ബാക്കി റാക്കറ്റിലുള്ളവർ പങ്കിട്ടെടുക്കുകയായിരുന്നു.
Discussion about this post