ഭൂമിയ്ക്കപ്പുറം ജീവന്റെ തുടിപ്പുണ്ടോ? അന്നും ഇന്നും മനുഷ്യന്റെ ഏറ്റവും വലിയ സംശയമാണിത്. ഉണ്ടെങ്കിൽ എവിടെ,എത്രത്തോളം അങ്ങനെയങ്ങനെ പോകുന്നു. ഉത്തരം കിട്ടാതെ മാനത്തോട്ട് നോക്കി നെടുവീർപ്പിട്ടിരുന്ന അവൻ ഇന്ന് അതേ മാനവും ഭേദിച്ച് പറക്കാൻ ശക്തിയുള്ള പേടകങ്ങൾക്ക് രൂപം നൽകി സംശയധൂരീകരണത്തിനായി അയക്കുന്നു. ഭൂമിയ്ക്കടുത്ത ചന്ദ്രനും ചൊവ്വയുമാണ് മനുഷ്യന് കൂടുതൽ കൗതുകം. അവിടെ എന്തെങ്കിലും കണ്ടെത്തിയാൽ ഒരു കോളനി തന്നെ സ്ഥാപിക്കാൻ എളുമപ്പമാണല്ലോ എന്ന ദുരുദ്ദേശവും ഇല്ലാതില്ല.
മനുഷ്യന്റെ ആകാശസ്വപ്‌നങ്ങൾക്ക് നിറം പകരുന്ന നാസയും ഒരു ഉദ്യമത്തിലാണ്.നാസയുടെ ചൊവ്വ പര്യവേക്ഷണ പേടകമായ പെർസവറൻസും അതിന്റെ ദൗത്യം വിജയകരമായി തുടരുകയാണ്. ഇപ്പോഴിതാ ദൗത്യവുമായി ബന്ധപ്പെട്ട കൗതുകരമായ ഒരു വസ്തുത നാസ പുറത്ത് വിട്ടിരിക്കുകയാണ്. ചൊവ്വയിൽ നിന്ന് കൊണ്ടുവരുന്ന സാമ്പിളുകളിൽ അവിടുത്തെ വായു അതവാ കാറ്റ് ഉൾപ്പെടുത്തിയിട്ടുണ്ടത്രേ. നേരത്തെ കല്ലും മണ്ണും ചൊവ്വയിൽ നിന്ന് ശേഖരിച്ച് കൊണ്ടുവരുമെന്ന് നാസ നിശ്ചിയിച്ചിരുന്നുവെങ്കിലും അന്തരീക്ഷം കൊണ്ടുവരുമെന്ന കാര്യത്തിൽ ഉറപ്പില്ലായിരുന്നു. ഇപ്പോൾ അതിനും സ്ഥിരീകരണമായി. ചൊവ്വയുടെ വായുഘടനയെപ്പറ്റിയും സവിശേഷതകളെപ്പറ്റിയും നേരിട്ട് പഠിക്കാനുള്ള വഴിയാണ് ഈ വായു സാമ്പിൾ നൽകാൻ പോകുന്നത്. ഭാവിയിൽ ചൊവ്വയിൽ നടക്കുന്ന സാംപിൾ റിട്ടേൺ ദൗത്യത്തിലാണ് ഈ സാംപിളുകൾ ഭൂമിയിലെത്തുന്നത്.
2021 ഫെബ്രുവരിയിലാണ് ഈ പേടകം ചൊവ്വയിൽ എത്തിയത്.2020 ജൂലൈ 30നു വിക്ഷേപിച്ച പെഴ്‌സിവീയറൻസ് ദൗത്യം 7 മാസം കൊണ്ട് 48 കോടി കിലോമീറ്റർ സഞ്ചരിച്ചാണു ചൊവ്വയിലെത്തിയത്. ജസീറോ ഗർത്ത മേഖലയാണ് പ്രധാനമായും പെർസവെറൻസിന്റെ തട്ടകം. ചൊവ്വയിൽ എന്നെങ്കിലും ജീവൻ ഉണ്ടായിരുന്നോ എന്ന് കണ്ടെത്തുകയാണ് പേടകത്തിന്റെ പ്രധാന ദൗത്യം. ഇതിന് സഹായമാകുന്ന തെളിവുകളും സാമ്പിളുകളും ജസീറോ ഗർത്ത മേഖലയിൽ നിന്നും ശേഖരിക്കുകയാണ് പെർസവെറൻസ്. ഇത്തരത്തിലുള്ള 24ഓളം ജിയോളജിക്കൽ സാമ്പിളുകൾ പെർസവെറൻസ് ശേഖരിച്ചിട്ടുണ്ട്.
Discussion about this post