പാറ്റ്ന: കേവല ഭൂരിപക്ഷം ഇല്ലാത്തതിനാൽ നിർണ്ണായക വിഷയങ്ങളിൽ നരേന്ദ്ര മോദി നയിക്കുന്ന മൂന്നാം ബി ജെ പി സർക്കാരിന് വിട്ടു വീഴ്ച ചെയ്യേണ്ടി വരുമോ എന്ന ആശങ്ക ആസ്ഥാനത്താണെന്ന് വ്യക്തമാക്കി നിതീഷ് കുമാർ നയിക്കുന്ന ജനതാ ദൾ യുണൈറ്റഡ്. ജനതാ ദൾ യുണൈറ്റഡ് വക്താവ് കെ സി ത്യാഗിയാണ് നിർണ്ണായക വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. ഭാരതീയ ജനതാ പാർട്ടിയുടെ ഏറ്റവും നിർണ്ണായകമായ ഏകീകൃത സിവിൽ കോഡിനാണ് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ജനതാദൾ യുണൈറ്റഡ് രംഗത്ത് വന്നത്.
തൻ്റെ പാർട്ടി ഏകീകൃത സിവിൽ കോഡിന് (യുസിസി) എതിരല്ലെന്നും പാർട്ടി ദേശീയ അധ്യക്ഷൻ എന്ന നിലയിൽ യുസിസിയെ കുറിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ ലോ കമ്മീഷൻ മേധാവിക്ക് കത്തയച്ചിരുന്നു എന്നും ത്യാഗി വ്യക്തമാക്കി.
അതെ സമയം അഗ്നിവീർ പദ്ധതി പുനഃപരിശോധിക്കാനും കാസ്റ്റ് സെൻസസ് നടത്താനും ബീഹാറിന് പ്രേത്യേക പദവി നൽകാനും ബി ജെ പി തയ്യാറാകണമെന്നും ത്യാഗി പറഞ്ഞു.
അഗ്നിവീർ പദ്ധതിയിൽ ഒരു വിഭാഗം വോട്ടർമാർ അസ്വസ്ഥരാണ്. പൊതുസമൂഹം ചോദ്യം ചെയ്യുന്ന ആ പോരായ്മകൾ വിശദമായി ചർച്ച ചെയ്ത് നീക്കം ചെയ്യണമെന്നാണ് ഞങ്ങളുടെ പാർട്ടി ആഗ്രഹിക്കുന്നത്, ത്യാഗി വ്യക്തമാക്കി.
അതെ സമയം പിന്തുണ നിരുപാധികം ആണെന്നും, ഈ പറഞ്ഞതൊക്കെ ചർച്ച ചെയ്യണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്ന ആവശ്യങ്ങൾ മാത്രമാണെന്നും ത്യാഗി വ്യക്തമാക്കി
Discussion about this post