ഓരോ ദിവസവും നിർണായക ചുവടുവയ്പ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രം. സൂര്യനെയും ചന്ദ്രനെയുമെല്ലാം കയ്യെത്തും ദൂരത്ത് എത്തിക്കാനുള്ള ഐഎസ്ആർഒയുടെ പരീക്ഷണങ്ങൾ ഓരോ തവണയും വിജയത്തിന്റെ മധുരം നുണഞ്ഞുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യയുടെ ബഹിരാകാശ യാത്രകളുടെ വേഗത മൂന്നിരട്ടിയാക്കുകയാണ് ഐഎസ്ആർഒ.
https://youtu.be/FKOSnJ0FgrA?si=blzSRYiw8TRu9ut6
ഇതിനായി ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡുമായി കൈകോർക്കുകയാണ് ഇസ്രോ. ഐഎസ്ആർഒയുടെ വർദ്ധിച്ചു വരുന്ന ഉത്പാദന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പുതുപുത്തൻ സംവിധനങ്ങളുമായാണ് എച്ച്എഎൽ എത്തിയിരിക്കുന്നത്. ഇതിനായി എയ്‌റോസ്‌പേസ് ഡിവിഷനിൽ എച്ച്എഎൽ നിർമാണ കേന്ദ്രം തുറന്നു. എയ്‌റോസ്‌പേസ്ഡിവിഷനിലെ അഡ്വാൻസ് പ്രൊപ്പല്ലന്റ് ടാങ്ക് ഉൽപ്പാദനവും സിഎൻസി മെഷിനിംഗ് സൗകര്യങ്ങളുടെയും ഉദ്ഘാടനം ഐഎസഎആർഒ ചെയർമാൻ സോമനാഥ് നിർവഹിച്ചു.
ഐഎസ്ആർഒ എച്ച്എഎൽ സഹകരണം യാഥാർത്ഥ്യമായതോടെ ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റായ ലോഞ്ച് വെഹിക്കിൾ മാർക്ക് 3 യുടെ ലോഞ്ചിനും വാഹനങ്ങളുടെ ഉത്പാദനങ്ങൾക്കുമെല്ലാം വലിയൊരു മുതൽക്കൂട്ടായി മാറും. പ്രതിവർഷം രണ്ട് എൽവിഎം റോക്കറ്റുകൾ വിക്ഷേപിക്കാനാണ് ഐഎസ്എആർഒയ്ക്ക് ഇതുവരെ കഴിഞ്ഞിരുന്നത്. എന്നാൽ എച്ച്എഎല്ലുമായി കൈകോർത്തതോടെ പ്രതിവർഷം ആറ് റോക്കറ്റുകൾ വരെ ഇനി ഐഎസ്ആർഒയ്ക്ക് വിക്ഷേപിക്കാനാകും. പുതിയ സംവിധാനങ്ങൾ ഉപയോഗിച്ച് ആറ് റോക്കറ്റുകളുടെ വരെ വിക്ഷേപണത്തിന് ആവശ്യമായ ഘടങ്ങൾ എച്ച്എഎല്ലിന് നിർമിക്കാൻ സാധിക്കും.
നാല് മീറ്റർ വ്യാസവും 15 മീറ്റർ വരെ നീളവുമുള്ള എൽവിഎം3 യുടെ നിർണായക ഘടകങ്ങളായ ഉയർന്ന പ്രവർത്തന ക്ഷമതയുള്ള ഇന്ധനത്തിന്റെയും ഓക്‌സിഡൈസർ ടാങ്കുകളുടെയും നിർമാണത്തിൽ പ്രൊപ്പൽ കേന്ദ്രം പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കും. എൽവിഎം 3 റോക്കറ്റിനായുള്ള പ്രൊപ്പൽ ഡോമുകളെ നിയന്ത്രിക്കാൻ കഴിയുന്ന അതിനൂതന കമ്പ്യൂട്ടർ ന്യുമറിക്കൽ കൺട്രോൾ മെഷീനുകളും എയ്‌റോസ്‌പേസ് ഡിവിഷനിൽ സജ്ജമാക്കിയിരിക്കുന്നു.
ഐഎസ്ആർഒയുടെ ഭാവി ദൗത്യങ്ങളിൽ എച്ച്എഎൽ നിർണായമായ പങ്ക് വഹിക്കും. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന നെക്‌സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിളുകളുടെ നിർമാണം ഇതോടെ അതിവേഗത്തിലാകും. ഇന്ത്യയുടെ ബഹിരാകാശ ഭാവിയെ തന്നെ മാറ്റിമറിയ്ക്കുന്ന വമ്പൻ മാറ്റങ്ങളാണ് പുത്തൻ സാങ്കേതിക വിദ്യയിലൂടെ സാധ്യമാകുന്നത്.
Discussion about this post