പത്തനംതിട്ട: ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്തയ്ക്ക് എതിരായ വിവരദോഷി പരാമര്‍ശത്തിൽ മുഖ്യമന്ത്രിയെ തള്ളി സിപിഎം ഏരിയാ കമ്മിറ്റിയംഗം. സിപിഎം തിരുവല്ല ഏരിയ കമ്മിറ്റിയംഗവും സിഐടിയു നേതാവുമായ കെ പ്രകാശ് ബാബു ആണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. വിമർശകരെല്ലാം ശത്രുക്കൾ അല്ലെന്ന് ആയിരുന്നു പ്രകാശ് ബാബു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. മുഖ്യമന്ത്രിയുടെ പേര് എടുത്തു പറയാതെ ആയിരുന്നു വിമര്‍ശനം.
വീണ്ടും പ്രളയം ഉണ്ടാക്കണമെന്ന് ആണ് ചിലര്‍ ആഗ്രഹിക്കുന്നത്. പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരാൻ കാരണം പ്രളയമാണ് എന്നാണ് പുരോഹിതൻ പറയുന്നത്. പുരോഹിതരുടെ ഇടയിലും വിവരദോഷികൾ ഉണ്ടാകുമെന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത് എന്നും ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
പ്രളയമുണ്ടാകണമെന്ന് ആരും ഇവിടെ ആഗ്രഹിക്കുന്നില്ല. പ്രളയത്തെ ശരിയായ രീതിയില്‍ അതിജീവിക്കാന്‍ നമ്മുടെ നാടാകെ ഒറ്റക്കെട്ടായി നിന്നു. അതാണ് കേരളം ലോകത്തിന് നല്‍കിയ പാഠം. പ്രളയകാലത്ത് സഹായിക്കാന്‍ ബാധ്യതപ്പെട്ട കേന്ദ്രങ്ങളുടേത്
തീര്‍ത്തും നിഷേധാത്മക സമീപനമായിരുന്നു എന്നും പിണറായി വിജയന്‍ പറഞ്ഞു.












