ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്‌ക്കെതിരെ എല്ലാ പാർട്ടികളെയും ഇൻഡി സഖ്യമെന്ന പേരിൽ കൂടെ കൂട്ടി വലിയ നീക്കമായിരുന്നു കോൺഗ്രസ് നടത്തിയത്. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഭരണം കിട്ടിയില്ലെന്ന് മാത്രമല്ല സഖ്യം 232 സീറ്റുകളിൽ ഒതുങ്ങുകയും ചെയ്തു. ബിജെപിയ്ക്ക് ലഭിച്ച 240 എന്ന സീറ്റ് നില മറികടക്കാൻ പോലും സഖ്യത്തിന് കഴിഞ്ഞില്ല എന്നതാണ് വാസ്തവം. തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാൻ സഖ്യത്തിന് കഴിയാതെ വന്നതോടെ സഖ്യകക്ഷികൾ ഓരോന്നായി ഇൻഡിയിൽ നിന്നും വേർപെട്ട് പോകുകയാണ്. ഇതിൽ ആദ്യത്തെ പാർട്ടി് ആംആദ്മിയാണ്.
ഇനി കോൺഗ്രസുമായി സഖ്യം വേണ്ടെന്നാണ് ആംആദ്മിയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ആംആദ്മി നേതാവ് ഗോപാൽ റായ് പ്രഖ്യാപനം നടത്തി കഴിഞ്ഞു. ഇതോടെ ഡൽഹിയിൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്മിയ്ക്ക് ഒറ്റയ്ക്കാകും മത്സരിക്കുക. ഇൻഡി സഖ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ടുള്ളത് മാത്രമാണെന്ന് ഒരിക്കൽ കൂടി ആവർത്തിക്കുകയാണ് ആംആദ്മി ഇവിടെ. തിരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടിയുണ്ടാക്കിയ നിരാശയും ഇവിടെ പ്രകടം.
ഡൽഹി, ഹരിയാന, ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് ആംആദ്മിയും കോൺഗ്രസും ചേർന്ന് മത്സരിച്ചത്. എന്നാൽ ആംആദ്മിയ്ക്ക് ഈ സംസ്ഥാനങ്ങളിൽ ഒരു ലോക്‌സഭാ സീറ്റുപോലും ലഭിച്ചില്ല. അതേസമയം പഞ്ചാബിൽ രണ്ട് പാർട്ടികളും ,സഖ്യമില്ലാതെ ആയിരുന്നു മത്സരിച്ചത്. പഞ്ചാബിൽ ആംദ്മിയ്ക്ക് മൂന്ന് സീറ്റുകളും ലഭിച്ചു. ഏഴ് സീറ്റുകൾ ആയിരുന്നു കോൺഗ്രസിന് ലഭിച്ചത്.
ആംആദ്മിയുടെ ശക്തികേന്ദ്രമാണ് ഡൽഹി. ഇവിടുത്തെ ഭരണ കക്ഷി കൂടിയാണ് ആംആദ്മി. എന്നാൽ ഇവിടെ ഒരു ലോക്‌സഭാ സീറ്റ് പോലും നേടാൻ കഴിയാത്തത് ആംആദ്മിയെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട്. കോൺഗ്രസുമായുള്ള സഖ്യത്തിലേക്ക് കടക്കുന്നതിന് മുൻപ് മുതിർന്ന നേതാക്കൾ ആംആദ്മിയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ ഇത് അവഗണിച്ചായിരുന്നു കോൺഗ്രസുമായുള്ള ധാരണ. മുതിർന്ന നേതാക്കളെ കേൾക്കാതിരുന്നത് ആംആദ്മിയ്ക്ക് തിരിച്ചടിയായി ഭവിച്ചിട്ടുണ്ടെന്ന് വേണം കണക്കാക്കാൻ. പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ നിന്നുള്ള വോട്ട് കുറയാൻ കോൺഗ്രസുമായുള്ള സഖ്യം കാരണമായി.
മദ്യ നയ അഴിമതി കേസും ഡൽഹിയിലെ ആംആദ്മിയുടെ ക്ഷീണത്തിന് കാരണം ആയിട്ടുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെയും അറസ്റ്റ് ആളുകൾക്കിടയിൽ പാർട്ടിയുടെ വിശ്വാസീയത നഷ്ടപ്പെടുന്നതിന് കാരണം ആയിട്ടുണ്ട്. ഒറ്റയ്ക്ക് പ്രയത്‌നിച്ചാൽ മാത്രമേ നഷ്ടമായ സ്വാധീനം തിരിച്ച് പിടിയ്ക്കാൻ കഴിയുകയുള്ളൂവെന്നാണ് നിലവിൽ ആംആദ്മിയുടെ നിഗമനം. ഇതോടെയാണ് കോൺഗ്രസുമായുള്ള സഖ്യം അവസാനിപ്പിക്കുന്നത്.
2015 നിയമസഭാ തിരഞ്ഞെടുപ്പിൽ 70 ൽ 67 സീറ്റുകൾ ആയിരുന്നു ആംആദ്മി സ്വന്തമാക്കിയത്. 2020 ൽ ഇത് 62 ആയി. 2015 ൽ ഒരു സീറ്റ് പോലും നേടാൻ കോൺഗ്രസിന് കഴിഞ്ഞില്ല. 2020 ലും ഒരു മെച്ചവും കോൺഗ്രസിന് ഉണ്ടായില്ല. ഈ സാഹചര്യത്തിൽ കോൺഗ്രസിനെ കൂട്ട് പിടിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതുകൊണ്ട് ദോഷം മാത്രമേ ഉണ്ടാകൂവെന്ന തിരിച്ചറിവും ആംആദ്മിയ്ക്കുണ്ട്.
Discussion about this post