പാർലമെന്റ് അങ്കണത്തിലൂടെ വേഗത്തിൽ നടന്ന് നീങ്ങുന്ന കങ്കണ… പേരുചൊല്ലി വിളിച്ച് ചിരാംഗ് പാസ്വാൻ…ഇന്നലെ പാർലമെന്റ് പുതിയ എംപിമാരുടെ മാത്രമല്ല, രണ്ട് സഹപ്രവർത്തകർ തമ്മിലുള്ള സൗഹൃദം പുതുക്കലിന് കൂടിയാണ് വേദിയായത്. വർഷങ്ങൾക്ക് ശേഷം കണ്ടു മുട്ടിയപ്പോൾ പരസ്പരം വാരിപ്പുണർന്ന് കങ്കണയും ചിരാംഗ് പാസ്വാനും സൗഹൃദം പുതുക്കി.
രാഷ്ട്രീയക്കാരനാകുന്നതിന് മുൻപ് ബോളിവുഡ് സിനിമയിൽ ഒരു കൈ നോക്കിയിട്ടുണ്ട് എൽജെപി നേതാവ് ചിരാംഗ് പാസ്വാൻ. അരങ്ങേറ്റ സിനിമയിൽ കങ്കണ ആയിരുന്നു ചിരാംഗിന്റെ നായിക. 2011 ൽ പുറത്തിറങ്ങിയ മിലേ ന മിലേ ഹം ആയിരുന്നു ഇരുവരും ചേർന്ന് അഭിനയിച്ച ചിത്രം. തൻവീർ ഖാൻ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രണയ ജോഡികൾ ആയിരുന്നു ഇരുവരും.
തിയറ്ററിൽ വലിയ നേട്ടം ഉണ്ടാക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ സിനിമ ജീവിതം അവസാനിപ്പിച്ച പാസ്വാൻ 2014 ൽ സജീവ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കുകയായിരുന്നു. രാഷ്ട്രീയത്തിന്റെ തിരക്കുകളിലേക്ക് ചിരാംഗ് പാസ്വാൻ വഴുതി വീണപ്പോൾ ബോളിവുഡിലെ തിരക്കേറിയ നടിയായി കങ്കണയും മാറി. പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾ ആയിരുന്നു കങ്കണയെ രാഷ്ട്രീയത്തിലേക്ക് അടുപ്പിച്ചത്. നിലവിലെ മണ്ഡിയിൽ നിന്നുള്ള എംപിയാണ് കങ്കണ റണാവത്.
കഴിഞ്ഞ ദിവസമാണ് കങ്കണ റണാവത് ഡൽഹിയിൽ എത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച എൻഡിഎ സഖ്യം സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളാണ്. ഇതിനിടെ കഴിഞ്ഞ ദിവസം സെൻട്രൽ ഹാളിൽ എൻഡിഎ യോഗം ചേർന്നിരുന്നു. ഇതിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് കങ്കണ എത്തിയത്.
ബിഹാറിലെ ഹാജിപൂരിൽ നിന്നുള്ള എംപിയാണ് ചിരാംഗ് പാസ്വാൻ. പാർലമെന്റിൽ എത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഇതിനിടെയാണ് കങ്കണയെ കണ്ടത്. തിരഞ്ഞെടുപ്പ് വിജയത്തിൽ കങ്കണയെ ചിരാംഗ് പാസ്വാൻ അഭിനന്ദിച്ചു.പര്‌സപരം വാരിപ്പുണരുകയും സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.
Discussion about this post