ന്യൂഡൽഹി : രാജ്യത്ത് എൻഡിഎ സർക്കാർ മൂന്നാമതും അധികാരത്തിൽ എത്തുമ്പോൾ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി തുടരും. കോൺഗ്രസ് പ്രവർത്തക സമിതിയാണ് രാഹുൽഗാന്ധിയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്.
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവാകാൻ ആയി രാഹുൽ ഗാന്ധിയോട് അഭ്യർത്ഥിക്കുന്ന പ്രമേയം കോൺഗ്രസ് പ്രവർത്തക സമിതി പാസാക്കിയതായി മുതിർന്ന നേതാവ് കെസി വേണുഗോപാൽ അറിയിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ ഗാന്ധി നടത്തിയ പരിശ്രമങ്ങളെ കോൺഗ്രസ് പ്രവർത്തകസമിതി അവതരിപ്പിച്ച പ്രമേയത്തിൽ പ്രശംസിച്ചു. പാർലമെൻ്റിനുള്ളിൽ പ്രതിപക്ഷത്തിന്റെ പ്രചാരണത്തിന് നേതൃത്വം നൽകാൻ ഏറ്റവും നല്ല വ്യക്തി രാഹുൽ ഗാന്ധി തന്നെയാണെന്നും പ്രമേയം വ്യക്തമാക്കുന്നു. ലക്ഷക്കണക്കിന് തൊഴിലാളികളിലും കോടിക്കണക്കിന് വോട്ടർമാരിലും പ്രതീക്ഷയും ആത്മവിശ്വാസവും പകർന്നുനൽകാൻ രാഹുലിന് കഴിഞ്ഞതായി കോൺഗ്രസ് പ്രവർത്തകസമിതി പ്രമേയത്തിൽ ഏകകണ്ഠമായി വെളിപ്പെടുത്തി.
“മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പ്രധാനമായും വേറിട്ടുനിർത്തേണ്ടത് അദ്ദേഹം രൂപകല്പന ചെയ്യുകയും നയിക്കുകയും ചെയ്ത ഭാരത് ജോഡോ യാത്രയും ഭാരത് ജോഡോ ന്യായ് യാത്രയും കാരണമാണ്. അദ്ദേഹത്തിൻ്റെ ചിന്തയും വ്യക്തിത്വവും പ്രതിഫലിപ്പിച്ച ഈ രണ്ട് യാത്രകളും നമ്മുടെ രാജ്യത്തിൻ്റെ രാഷ്ട്രീയത്തിലെ ചരിത്രപരമായ വഴിത്തിരിവുകളായിരുന്നു. അതിനാൽ നിർഭയനും ധീരനുമായ രാഹുൽ ഗാന്ധിയെ തന്നെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കുന്നു” എന്നും കോൺഗ്രസ് പ്രവർത്തകസമിതി പ്രമേയം വ്യക്തമാക്കുന്നു.
Discussion about this post