തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റദിവസംകൊണ്ട് സ്വർണ്ണവിലയിൽ ഉണ്ടായത് ചരിത്രപരമായ ഇടിവ്. ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ദിവസം സ്വർണ്ണവിലയിൽ ഇത്രയേറെ കുറവ് ഉണ്ടാകുന്നത്. ശനിയാഴ്ച സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയുമാണ് ഇടിവുണ്ടായത്.
രാജ്യാന്തര വിപണിയിൽ 18 മാസത്തെ ഇടവേളയ്ക്ക് ശേഷം ചൈന കൂടുതൽ സ്വർണ ശേഖരം വാങ്ങുന്നത് നിർത്തിവച്ചു എന്ന വാർത്ത പുറത്തുവന്നതാണ് സ്വർണ്ണവില ഇടിയാൻ കാരണമായിട്ടുള്ളത്. ചൈനയുടെ കേന്ദ്ര ബാങ്ക് ആയ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന വൻതോതിൽ രാജ്യാന്തര വിപണിയിൽ സ്വർണ്ണം വാങ്ങിക്കൂട്ടിയത് ആയിരുന്നു നേരത്തെ സ്വർണ്ണവില വലിയ രീതിയിൽ വർദ്ധിക്കാൻ കാരണമായിരുന്നത്.
ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ഉയർന്ന് ഗ്രാമിന് 6,760 രൂപയിലും പവന് 54,080 രൂപയിലുമാണ് ഇന്നലെ സ്വർണ്ണത്തിന്റെ വ്യാപാരം നടന്നിരുന്നത്. എന്നാൽ ശനിയാഴ്ച ചൈന സ്വർണ്ണത്തിന്റെ കരുതൽ ശേഖരം വർദ്ധിപ്പിക്കുന്നത് നിർത്തുന്നു എന്ന വാർത്ത പുറത്തുവന്നതോടെ രാജ്യാന്തര വിപണിയിൽ 2.5 ശതമാനത്തോളം ഇടിവാണ് സ്വർണ്ണവിലയിൽ ഉണ്ടായിട്ടുള്ളത്.
Discussion about this post