ബഹിരാകാശ ഗവേഷണ രംഗത്ത് റോക്കറ്റ് വേഗത്തിലാണ് നമ്മുടെ രാജ്യം കുതിയ്ക്കുന്നത്. ഒരു കാലത്ത് നാസയുടെ വാതിലിൽ മുട്ടിയിരുന്ന നമ്മൾ ഇന്ന് സൂര്യനെയും ചന്ദ്രനെയും തൊട്ടു. മനുഷ്യനെ ബഹിരാകാശത്തേയ്ക്ക് അയച്ച് മറ്റൊരു ചരിത്രം രചിക്കാൻ കൂടി ഒരുങ്ങുകയാണ് നമ്മുടെ രാജ്യം. ഇതിനിടെ ചൊവ്വയുടെ രഹസ്യങ്ങൾ തേടിയിറങ്ങാൻ മംഗാൾയാൻ രണ്ടും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ചൊവ്വയിലെ പര്യവേഷണത്തിനായുള്ള മംഗൾയാൻ ഒന്നിന്റെ വിക്ഷേപണം ഇന്ത്യയ്ക്ക് വലിയ നേട്ടമായിരുന്നു.
ഇതിന്റെ തുടർച്ചയായിട്ടാണ് ഐഎസ്ആർഒ വീണ്ടും ചൊവ്വയിലേക്ക് തിരിക്കുന്നത്. നമ്മുടെ ബഹിരാകാശ ഗവേഷണ മേഖലയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്ന ദൗത്യം കൂടിയാണ് മംഗൾയാൻ രണ്ട്.
എന്ത് കൊണ്ടാണ് ചൊവ്വയുടെ രഹസ്യങ്ങൾ തേടി ഐഎസ്ആർഒ വീണ്ടും യാത്രയാകുന്നത്. ഇതിന് മൂന്ന് കാരണങ്ങൾ ഉണ്ടെന്നാണ് നമ്മുടെ ഗവേഷകർ പറയുന്നത്. ഏറെക്കുറേ ഭൂമിയ്ക്ക് സമാനമായ അന്തരീക്ഷമുള്ള ഗ്രഹമാണ് ചൊവ്വ. അതുകൊണ്ടു തന്നെ ചാവ്വയിൽ മനുഷ്യവാസം സാദ്ധ്യമാകുമോയെന്ന് കണ്ടെത്തുക എല്ലാ രാജ്യങ്ങൾക്കും ഒരുപോലെ താത്പര്യമുള്ള വിഷയമാണ്. ഈ താത്പര്യവും കൗതുകവുമാണ് മംഗൾയാൻ രണ്ടിലേക്ക് ഐഎസ്ആർഒയെ നയിച്ച ഒന്നാമത്തെ കാരണം.
ഒരു കാലത്ത് ചൊവ്വയിൽ സമൃദ്ധമായ ജലവും നദികളും ഉണ്ടായിരുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. ഭൂമിയ്ക്ക് സമാനമായ രീതിയിലുള്ള ചൂടേറിയ കാലാവസ്ഥയും ഉണ്ടായിരുന്നതായുള്ള തെളിവുകൾ ഗവേഷകർക്ക് ലഭിച്ചിട്ടുണ്ട്. ചൊവ്വയിലെ കാലാവസ്ഥയും ഐഎസ്ആർഒയിലെ ഗവേഷകരിൽ താത്പര്യം ജനിപ്പിക്കുന്നതാണ്. അഗ്നിപർവ്വതങ്ങൾ, ഉൽക്കാപതനം തുടങ്ങിയവയെക്കുറിച്ച് പഠിക്കലാണ് മംഗൾയാൻ രണ്ടിനായുള്ള അടുത്ത കാരണം. ഇവയെല്ലാം ചൊവ്വയുടെ ഉത്ഭവം, വികാസം, എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകും. അതുവഴി ഭൂമിയുടെ ഉത്ഭവം വികാസം എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിലേക്കും ഇത് വഴിയൊരുക്കും.
ചൊവ്വയിലേക്കുള്ള റോബോട്ടിക് ദൗത്യങ്ങൾ ഭാവിയിലെ മനുഷ്യ പര്യവേഷണത്തിന്റെ ചെലവുംഅപകടസാധ്യതയും കുറയ്ക്കാൻ സഹായിക്കുമെന്നമാണ് മറ്റൊരു കാരണം.
മംഗൾയാൻ ഒന്നിനെ അപേക്ഷിച്ച് മംഗൾയാൻ രണ്ട് ഐഎസ്ആർഒയെ സംബന്ധിച്ച് ഏറെ നിർണായകം ആണ്. ബഹിരാകാശ പര്യവേഷകർ എന്ന നിലയിൽ ഇന്ത്യയുടെ വലിയ നേട്ടത്തിലേക്ക് വഴിവയ്ക്കുന്ന ഒന്നാകും മംഗൾയാൻ രണ്ട്. 2050 ഓട് കൂടി ചൊവ്വയിൽ മനുഷ്യവാസം സാദ്ധ്യമാകുമെന്നാണ് ഗവേഷകർ പറയുന്നത്. അങ്ങിനെയെങ്കിൽ ഈ നേട്ടത്തിൽ നിർണായക സ്ഥാനം നമ്മുടെ രാജ്യത്തിന് ഉണ്ടാകുമെന്ന് ഉറപ്പാണ്.
Discussion about this post