തിരുവനന്തപുരം : വരും മണിക്കൂറുകളിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ റഡാർ ചിത്രങ്ങൾ അനുസരിച്ചാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, തൃശൂർ, കാസർകോഡ് എന്നീ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.
വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയും 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉള്ളതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ഇടിമിന്നലിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ സുരക്ഷിതമായ കെട്ടിടങ്ങൾക്ക് ഉള്ളിലേക്ക് മാറണമെന്നും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കാനും ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനും ശ്രദ്ധിക്കണമെന്നും കാലാവസ്ഥ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post