റായ്പൂർ: ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വകവരുത്തിയത് കൊടും ക്രിമിനലുകളായ കമ്യൂണിസ്റ്റ് ഭീകരരെ. പോലീസ് തലയ്ക്ക് ലക്ഷങ്ങൾ വിലയിട്ട കമ്യൂണിസ്റ്റ് ഭീകരരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് എന്ന് സുരക്ഷാ സേന അറിയിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലിൽ ആറ് കമ്യൂണിസ്റ്റ് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്.
ഓർച്ച പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന ഗോബെൽ, തുൽതുളി എന്ന ഗ്രാമങ്ങൾക്ക് സമീപമുള്ള പ്രദേശത്ത് ആയിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് കമ്മ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു സുരക്ഷാ സേന. എന്നാൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടൽ അവസാനിച്ച ശേഷം നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെടുക്കുകയായിരുന്നു.
ആറ് പേരെയും തിരിച്ചറിയുന്നതിനായുള്ള നടപടി ക്രമങ്ങൾ ഇപ്പോഴാണ് പൂർത്തിയായത്. ഇതിന് പിന്നാലെയാണ് തലയ്ക്ക് വൻതുക പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ഭീകരരാണ് ഇവരെന്ന് വ്യക്തമായത്. കൊല്ലപ്പെട്ടവരിൽ നാല് ഭീകരരുടെ തലയ്ക്ക് എട്ട് ലക്ഷം രൂപയാണ് വിലയിട്ടിരുന്നത്. മെസിയ മാണ്ഡവി, രമേഷ് കോരം, സുന്ദരി, സജന്കി പോയം എന്നിവരുടെ തലയ്ക്കാണ് എട്ട് ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. ഇതിന് പുറമേ ബയനാർ ഏരിയ കമ്മിറ്റി അംഗമായ ജയ്‌ലാൽ സലാമിന്റെ തലയ്ക്ക് അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. സുരക്ഷാ സേന വധിച്ച മറ്റൊരു ഭീകരൻ ജന്നിയുടെ തലയ്ക്ക് ഒരു ലക്ഷം രൂപയാണ് സുരക്ഷാ സേന വിലയിട്ടിരുന്നത്.
Discussion about this post