കോട്ടയം: മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കായി ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയായിട്ടുള്ളത്. തൃശൂർ എംപി സുരേഷ് ഗോപിയ്‌ക്കൊപ്പം ഇരട്ടി മധുരമെന്നോണം കേരളത്തിൽ നിന്ന് ബിജെപി നേതാവ് ജോർജ് കുര്യനും മന്ത്രിയാവുകയാണ്. ജോർജ് കുര്യൻ കേന്ദരമന്ത്രിസ്ഥാനത്തേക്കെന്ന വാർത്ത അക്ഷരാർത്ഥത്തിൽ കുടുംബത്തെ ഞെട്ടിച്ചിരിക്കുകയാണ്. എന്നത്തെയും പോലെ ഡൽഹിയിലേക്കെന്ന് യാത്ര പറഞ്ഞ് ഇറങ്ങിയതാണ് പ്രിയതമനെന്ന് ഭാര്യ അന്നമ്മ പറയുന്നു. കേരളഹൗസിലെത്തി മുറിയെടുത്ത് എന്നത്തെയും പോലെ സാധാരണ ദിവസം. പ്രധാനമന്ത്രിയുടെ വസതിയിലെ ചായ സത്ക്കാരത്തിൽ പങ്കെടുത്തതിന് ശേഷം ജോർജ് കുര്യനും മന്ത്രിയാവുമെന്ന് അഭ്യൂഹം ഉയർന്നു. മാദ്ധ്യമങ്ങളിലൂടെയാണ് കുടുംബവും ഗൃഹനാഥന് മന്ത്രിപദവി ലഭിച്ചത് അറിയുന്നത്.
എന്നാൽ മന്ത്രി സ്ഥാനം സർപ്രൈസ് ആയെങ്കിലും തെല്ലും അമ്പരപ്പ് ഇല്ല സഹപ്രവർത്തകർക്ക്. കാരണം 1980 ൽ ബിജെപി രൂപീകൃതമായത് മുതൽ ബിജെപിയ്‌ക്കൊപ്പമുണ്ട് അദ്ദേഹം. 1977 ൽ അടിയന്തരാവസ്ഥക്കാലത്ത് വിദ്യാർത്ഥി ജനതയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയജീവിതം ആരംഭിക്കുന്നത് പോലും. ഒരു പഞ്ചായത്ത് മെമ്പർ പോലും ഇല്ലാതിരുന്ന കാലത്ത് ബിജെപി എന്ന ദേശീയ പ്രസ്ഥാനത്തിന്റെ കൊടി നെഞ്ചോട് ചേർത്ത ജോർജ് കുര്യന് അർഹിച്ച അംഗീകാരം ലഭിച്ചെന്നാണ് പാർട്ടി പ്രവർത്തകർ പറയുന്നത്.
2020 ൽ ജോർജ് കുര്യൻ പങ്കുവച്ച ഒരു ചിത്രവും ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. പാർട്ടിയുടെ 40 വർഷാഘോഷത്തിൽ ബിജെപിയ്‌ക്കൊപ്പം 40 എന്ന് കുറിച്ച അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ചർച്ചയാവുന്നത്. തങ്ങളുടെ നേതാവിന് അർഹിച്ച അംഗീകാരം എന്നാണ് സഹപ്രവർത്തകർ അടക്കം ചൂണ്ടിക്കാണിക്കുന്നത്.
ദേശീയ ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാൻ ആയിരുന്ന ജോർജ് കുര്യൻ, കോട്ടയം കാണക്കാരി നമ്പ്യാർകുളം സ്വദേശിയാണ്. നിലവിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ അദ്ദേഹം 1977 ൽ അടിയന്തരാവസ്ഥ കാലത്ത് വിദ്യാർത്ഥി ജനതയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. 1980 ൽ ബിജെപി രൂപീകൃതമായത് മുതൽ പാർട്ടിയിലെ സജീവപ്രവർത്തകൻ.
ബിഎസ്സി, എൽഎൽബി ബിരുദധാരിയായ അദ്ദേഹം ആർട്‌സിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്, ദേശീയ നിർവാഹക സമിതി അംഗം, സംസ്ഥാന വക്താവ്, യുവമോർച്ച അഖിലേന്ത്യ വൈസ് പ്രസിഡന്റ്, അഖിലേന്ത്യാ സെക്രട്ടറി, നൂന്യപക്ഷ മോർച്ച അഖിലേന്ത്യ ജനറൽ സെക്രട്ടഖറി, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി, എജ്യൂക്കേഷൻ സൊസൈറ്റി സെക്രട്ടറി, ഫൈൻ ആർട്‌സ് സൊസൈറ്റി സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ വൈസ് ചെയർമാൻ സ്ഥാനവും ജോർജ് കുര്യനെ തേടിയെത്തിയിട്ടുണ്ട്. 1991 ലും 1998 ലും കോട്ടയത്തുനിന്ന് ലോകസഭയിലേയക്കും 2016 ൽ പുതുപ്പള്ളിയിൽനിന്നും മത്സരിച്ചിരുന്നു.
Discussion about this post