റായ്പൂർ : ഛത്തീസ്ഗഡിലെ ബിജാപൂരിൽ വൻ കമ്മ്യൂണിസ്റ്റ് ഭീകര വേട്ട. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഒമ്പത് ഭീകരരെ സംയുക്ത സുരക്ഷാസേന അറസ്റ്റ് ചെയ്തു. സെൻട്രൽ റിസർവ് പോലീസ് സേനയുടെ 196-ാം ബറ്റാലിയനും കമാൻഡോ ബറ്റാലിയൻ ഫോർ റെസലൂട്ട് ആക്ഷൻ 205-ാം ബറ്റാലിയനും സിആർപിഎഫിൻ്റെ പ്രാദേശിക സംഘവും ചേർന്ന് നടത്തിയ ദൗത്യത്തിലാണ് 9 കമ്മ്യൂണിസ്റ്റ് ഭീകരരെ അറസ്റ്റ് ചെയ്യാനായത്.
ഉസൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നായാണ് എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുള്ളത് . നെയിംഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മറ്റൊരു ഭീകരനെയും അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ വിവിധ ആക്രമണ സംഭവങ്ങളിലും ഐഇഡി സ്‌ഫോടനത്തിലും പങ്കെടുത്തിട്ടുള്ളവരാണ് അറസ്റ്റിലായവർ എന്ന് ബിജാപൂർ പോലീസ് വ്യക്തമാക്കി.
ബിജാപൂരിൽ ജൻ മിലിഷ്യ എന്ന സംഘടനയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ക്രിമിനൽ നടപടികൾ നേരിടുന്നവരാണ് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കമ്മ്യൂണിസ്റ്റ് ഭീകരർ. മാവോയിസ്റ്റ് ബന്ദുമായി ബന്ധപ്പെട്ട് ലഘുലേഖകളും ബാനറുകളും വിതരണം ചെയ്തിരുന്നതും ഈ സംഘം ആണെന്നാണ് ബിജാപൂർ പോലീസ് അറിയിക്കുന്നത്.
Discussion about this post