വയനാട് : ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എംപി രാഹുൽ ഗാന്ധി ബുധനാഴ്ച വയനാട്ടിൽ എത്തും. മണ്ഡലത്തിലെ ജനങ്ങൾക്ക് നന്ദി അറിയിക്കാൻ ആയാണ് രാഹുൽ ഗാന്ധി എത്തുന്നത് . രാവിലെയോടെ കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങുന്ന രാഹുൽഗാന്ധി 10:30 ന് മലപ്പുറത്തും 2:30ന് കൽപ്പറ്റ പുതിയ സ്റ്റാൻഡിലും സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിൽ പങ്കെടുക്കും.
ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നും കേരളത്തിലെ വയനാട്ടിൽ നിന്നും മത്സരിച്ച് വിജയിച്ച രാഹുൽ ഗാന്ധി റായ്ബറേലി മണ്ഡലം നിലനിർത്തി വയനാട്ടിൽ നിന്നും രാജിവെക്കും എന്നാണ് സൂചന. ജൂൺ 17നാണ് രണ്ടു മണ്ഡലങ്ങളിൽ നിന്നും മത്സരിച്ച് വിജയിച്ചവർ ഏതെങ്കിലും ഒരു മണ്ഡലത്തിലെ എംപി സ്ഥാനം രാജി വയ്ക്കേണ്ട അവസാന തീയതി.
ബുധനാഴ്ച വയനാട്ടിൽ എത്തുന്ന രാഹുൽഗാന്ധി വോട്ടർമാർക്ക് നന്ദി അറിയിച്ച ശേഷം വയനാട് മണ്ഡലത്തിൽ നിന്നും രാജി സമർപ്പിക്കും എന്നാണ് സൂചന. നിലവിലെ സാഹചര്യം കണക്കെടുത്ത് ഉത്തർപ്രദേശ് നിലനിർത്താനും കേരളത്തിൽ നിന്നും രാജിവയ്ക്കുവാനും ആണ് പാർട്ടി ദേശീയ നേതൃത്വം സ്വീകരിക്കുന്ന നിലപാട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബുധനാഴ്ച വയനാട്ടിൽ നടക്കുന്ന പൊതുയോഗത്തിൽ രാജിയുമായി ബന്ധപ്പെട്ട് രാഹുൽഗാന്ധി തന്നെ വ്യക്തത വരുത്തുന്നതാണ്.
Discussion about this post