എറണാകുളം : ഇ-കൊമേഴ്സ് ഭീമൻ ആമസോണിനെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയിരിക്കുകയാണ് ഒരു മലയാളി യുവാവ്. തിരുമാറാടി മണ്ണത്തൂർ സ്വദേശി എമിൽ ജോർജ് സന്തോഷ് ആണ് ഓൺലൈൻ പർച്ചേസിന്‍റെ പേരിൽ ലക്ഷങ്ങൾ തട്ടിയത്. ആമസോണിന്റെ പരാതിയെ തുടർന്ന് പ്രതിയെ കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തു.
ആമസോൺ ഷോപ്പിംഗ് ആപ്പിൽ നിന്നും വിലകൂടിയ മൊബൈലുകൾ വാങ്ങിക്കൊണ്ടാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നത്. ലക്ഷങ്ങൾ വില വരുന്ന മൊബൈൽ ഫോണുകൾ വാങ്ങിയശേഷം ഈ ഫോണുകൾക്ക് കമ്പ്ലൈന്റ് ഉണ്ടെന്ന് പരാതിപ്പെട്ട് വ്യാജ ഫോണുകൾ റിട്ടേൺ ചെയ്തുകൊണ്ടാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നത്. ഉൽപ്പന്നങ്ങൾ റിട്ടേൺ ചെയ്യുമ്പോൾ വ്യാജ സാധനങ്ങൾ ആയിരുന്നു പ്രതി തിരികെ നൽകിയിരുന്നത്.
ഇത്തരത്തിൽ തട്ടിപ്പ് നടത്തിയ ശേഷം യഥാർത്ഥ ഉൽപ്പന്നങ്ങൾ വിപണിയിൽ മറിച്ചുവിറ്റ് പ്രതി വലിയ രീതിയിൽ ലാഭം ഉണ്ടാക്കിയിരുന്നു. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദ്ദേശാനുസരണം പുത്തൻകുരിശ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പിറവം, കോതമംഗലം സ്റ്റേഷനുകളിലും പരാതിയുള്ളതായി പോലീസ് അറിയിച്ചു.
Discussion about this post